ഇന്ത്യയിൽ നിന്ന് അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളുടെ ബുക്കിങ്ങ് ഇന്ന് (ജൂലൈ 31) മുതൽ ആരംഭിക്കുന്നതായി എയർ ഇന്ത്യ എക്സ്പ്രസ്സ് ജൂലൈ 30-നു രാത്രി അറിയിച്ചു. വന്ദേ ഭാരത് വിമാനങ്ങളുടെ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള യാത്രയിലാണ്, യു എ ഇയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് യാത്ര ചെയ്യാൻ അവസരം നൽകുന്നത്. നിലവിൽ ജൂലൈ 31 മുതൽ ഓഗസ്റ്റ് 15 വരെയുള്ള വിമാനങ്ങളിലാണ് ഇപ്രകാരം യു എ ഇയിലേക്ക് യാത്രചെയ്യാൻ അനുവാദം നൽകിയിരിക്കുന്നത്. യു എ ഇയിലെ ICA / GDRFA അധികൃതരുടെ അംഗീകാരം നേടിയവർക്ക് മാത്രമാണ് യാത്ര അനുവദിക്കുന്നത്.
നിലവിൽ ഇന്ത്യൻ വ്യോമയാന മന്ത്രാലയം ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ നൽകിയിട്ടില്ലെങ്കിലും, എയർ ഇന്ത്യ എക്സ്പ്രസ്സ് ജൂലൈ 31 മുതൽ ഓഗസ്റ്റ് 15 വരെ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് സർവീസ് നടത്തുന്നതായി തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ജൂലൈ 12 മുതൽ ജൂലൈ 26 വരെയുള്ള 15 ദിവസത്തെ കാലയളവിൽ എയർ ഇന്ത്യ വന്ദേ ഭാരത് വിമാനങ്ങൾക്കും, യു എ ഇയിൽ നിന്നുള്ള ചാർട്ടർ വിമാനങ്ങൾക്കും ഇന്ത്യയിൽ നിന്നുള്ള യാത്രികരുമായി യു എ ഇയിലേക്ക് സർവീസ് നടത്തുന്നതിനു ഇരു രാജ്യങ്ങളുടെയും വ്യോമയാന മന്ത്രാലയങ്ങൾ തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിൽ അനുവാദം നൽകിയിരുന്നു.
ജൂലൈ 31 മുതൽ ഓഗസ്റ്റ് 15 വരെ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള ടിക്കറ്റുകൾ http://airindiaexpress.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയും, ഏജന്റുമാർ മുഖേനെയും ബുക്ക് ചെയ്യാവുന്നതാണ്. COVID-19 ടെസ്റ്റിംഗിനായുള്ള ഔദ്യോഗിക അംഗീകാരമുള്ള ലാബുകൾ, ICA / GDRFA ഔദ്യോഗിക പോർട്ടലുകൾ, വിമാനങ്ങളുടെ സമയക്രമം, മറ്റു വിവരങ്ങൾ എന്നിവ http://blog.airindiaexpress.in/india-uae-travel-update/ എന്ന വിലാസത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് ലഭ്യമാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് ഇത്തരത്തിൽ യാത്ര ചെയ്യുന്നതിനുള്ള നിബന്ധനകൾ:
- ICA / GDRFA അധികൃതരുടെ അംഗീകാരം നേടിയ, നിലവിൽ ഇന്ത്യയിലുള്ള സാധുതയുള്ള യു എ ഇ റെസിഡന്റ് വിസക്കാർക്ക് മാത്രമാണ് ഇപ്രകാരം യാത്രാനുമതി. റസിഡന്റ് വിസകൾ പാസ്സ്പോർട്ടിൽ മുദ്ര ചെയ്തിട്ടുള്ള റെസിഡന്റ് വിസക്കാർക്ക് മാത്രമാണ് ടിക്കറ്റ് അനുവദിക്കുന്നത്.
- ICA / GDRFA അധികൃതരുടെ അംഗീകാരം കൂടാതെ യാത്രകൾ അനുവദിക്കുന്നതല്ല. കാലാവധി കഴിഞ്ഞ ICA / GDRFA അംഗീകാരങ്ങൾക്ക് ചെക്ക് -ഇൻ വേളയിൽ യാത്രാനുമതി ലഭിക്കുകയില്ല എന്നും എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരക്കാർക്ക് യു എ ഇയിലേക്ക് മടങ്ങാനുള്ള അനുവാദത്തിനായി വീണ്ടും ICA / GDRFA അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
- ദുബായ്, ഷാർജ, അബുദാബി എന്നീ വിമാനത്താവളങ്ങളിലേക്ക് പ്രവേശിക്കുന്നതിന് യാത്രയ്ക്ക് മുൻപ് 96 മണിക്കൂറിനുള്ളിൽ ലഭിച്ച COVID-19 PCR നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാണ്. COVID-19 റിസൾട്ട് പ്രിന്റ് ചെയ്ത രൂപത്തിൽ ആയിരിക്കണം. യു എ ഇയിലെ വിമാനത്താവളങ്ങളിൽ വീണ്ടും PCR പരിശോധനകൾ ഉണ്ടായിരിക്കുന്നതാണ്.