അബുദാബി: ഭക്ഷണം, പലവ്യഞ്ജനം എന്നിവയുടെ വിതരണ സേവനങ്ങൾക്കുള്ള ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ

UAE

എമിറേറ്റിലെ ഭക്ഷ്യവിഭവങ്ങളുടെയും, പലവ്യഞ്ജനങ്ങളുടെയും വിതരണവുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നവർ പാലിക്കുന്നതിനുള്ള ആരോഗ്യ സുരക്ഷാ നിബന്ധനകൾ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക്ക് ഡെവലപ്മെന്റ് (ADDED) പുറത്തിറക്കി. റെസ്റ്ററാൻറ്റുകൾ, ഗ്രോസറി സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് വീടുകളിലേക്കും മറ്റും ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന ജീവനക്കാർക്ക് COVID-19 രോഗ സംബന്ധമായതും, സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നതിനാവശ്യമായതുമായ ബോധവത്‌കരണം സ്ഥാപനങ്ങളിൽ നിന്ന് നൽകേണ്ടതാണ്.

ഇത്തരം വിതരണ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ:

  • ജീവനക്കാർക്ക് നിർബന്ധമായും COVID-19 രോഗബാധ, വൈറസ് രോഗബാധയുടെ സാധ്യതകൾ, കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള സുരക്ഷാ മുൻകരുതലുകൾ എന്നിവയിൽ ബോധവത്കരണവും, പരിശീലനവും നൽകേണ്ടതാണ്.
  • ഭക്ഷണം, ആവശ്യവസ്തുക്കൾ എന്നിവ സ്വീകരിക്കുന്ന ഉപഭോക്താക്കൾക്ക്, ഇത്തരം ഉത്പന്നങ്ങൾ പൊതിഞ്ഞു കൊണ്ടുവരാൻ ഉപയോഗിച്ച വസ്തുക്കൾ നശിപ്പിച്ച് കളയാൻ നിർദ്ദേശം നൽകേണ്ടതാണ്.
  • ഇത്തരം ജീവനക്കാർ എല്ലാ സമയവും 2 മീറ്ററെങ്കിലും സമൂഹ അകലം പാലിക്കേണ്ടതാണ്.
  • ജീവനക്കാരുടെ ദൈനംദിന ആരോഗ്യ സ്ഥിതി നിരീക്ഷിക്കേണ്ടതാണ്. രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവരോട് വീടുകളിൽ തുടരാൻ നിർദ്ദേശിക്കേണ്ടതാണ്.
  • പണമിടപാടുകൾക്കായി ഉപഭോക്താക്കൾക്ക് ജീവനക്കാരുമായുള്ള സമ്പർക്കം ഒഴിവാക്കുന്ന ഡിജിറ്റൽ സംവിധാനങ്ങൾ ഒരുക്കേണ്ടതാണ്.