ഓരോ യാത്രയിലും ക്യാമറയുടെ ഫ്രെയ്മിനപ്പുറത്തു വിസ്‌മയകരമായ കുറെ ജീവിതങ്ങളെ കണ്ടുമുട്ടാറുണ്ട്… ഒരു ലെൻസിൽ പതിയുന്നതിനേക്കാൾ കൃത്യമായി ആ കാഴ്ചകൾ എന്റെ മനസ്സിലും പതിയുന്നു എന്നതാണ് സത്യം.
ഉരുക്ക് പോലെ ഉറച്ച മനസ്സുള്ള പെൺജീവിതങ്ങളെ എത്രയോ തവണ കണ്ടിരിക്കുന്നു… അവർ പോരാടുന്നത് അവർക്കു വേണ്ടി മാത്രമല്ല… ചുറ്റുമുള്ള പെണ്മക്ക് വേണ്ടി കൂടിയാണെന്ന് തോന്നിയിട്ടുണ്ട്… പോരാട്ടങ്ങൾ സമരമുഖങ്ങളിൽ മാത്രമല്ല മറിച്ച് ജീവിത സാഹചര്യങ്ങളോട് കൂടിയാണെന്നതാണ് ഇവിടെ ശ്രദ്ധേയം.
പുരുഷനും സ്ത്രീയും തുല്യരാണെന്നു പറയുന്നതിനപ്പുറത്തു, അവൾ പൊരുതിയെടുക്കുന്ന സ്ഥാനങ്ങളുണ്ട്… മറ്റാർക്കും പകരം വെയ്ക്കാൻ കഴിയാത്ത ചില ജീവിത മുഹൂർത്തങ്ങളിലൂടെ സ്ത്രീത്വം കടന്നുപോകുന്നു.
ഈ സീരീസിലെ ചിത്രങ്ങൾ അങ്ങിനെ ചിലതാണ്.. ക്യാമറയിലും മനസ്സിലും പതിഞ്ഞവർ… എന്റെ ഫോട്ടോഗ്രാഫി യാത്രകളിലെ കാഴ്ച്ചാപഥത്തിൽ കണ്ടുമുട്ടിയവർ, അവരിലൂടെ ഒന്ന് കണ്ണോടിക്കാം…
1. സുവർണ്ണ സ്ത്രീ
തൃശ്ശൂരിലെ കോൾപാടങ്ങളിലൂടെയുള്ള യാത്രകൾ പതിവാണ്… പക്ഷി പടങ്ങൾ തേടിയുള്ള യാത്രക്കിടയിലാണ് ആ സായം സന്ധ്യയിൽ ഇങ്ങനയൊരു കാഴ്ച കാണുന്നത്… കോൾപാടത്തെ വെള്ളത്തിൽ ചീയാൻ ഇട്ടിരിക്കുന്ന ഓല കെട്ടുകൾ വലിച്ചെടുക്കുകയാവർ… പാതി വെള്ളത്തിൽ നിന്ന് കെട്ടുകൾ വലിച്ചെടുത്തു കരക്കടുപ്പിക്കാൻ ശ്രമിക്കുന്നു ആ സ്ത്രീ, താൻ തനിച്ചല്ലെന്നു ആശ്വസിപ്പിക്കും വിധത്തിൽ സൂര്യ തേജസിൽ അവർ ജ്വലിച്ചു നിന്നു…
2. തിരമാലകൾക്കിടയിലെ പോരാളി
ചേർത്തലക്കപ്പുറമുള്ള അന്ധകാരനാഴി ബീച്ച്… ഇവിടെ അതിരാവിലെ ചെന്നാൽ കാണുന്ന കാഴ്ചയാണിത് .. കക്ക ശേഖരിക്കുന്ന അമ്മന്മാർ. അതിലൊരമ്മയാണിത്.. ആർത്തലച്ചു വരുന്ന തിരമാലകക്കിടയിലൂടെ അവർ കക്കവാരിയെടുത്തു മുന്നോട്ടു കയറിവരുന്നു.. പ്രായം ഒരിക്കലും പ്രശ്നമാക്കാതെ അവർ അന്നന്നത്തെ അന്നത്തിന് വേണ്ടി തിരകളോട് മല്ലടിക്കുന്നു… പരാതികളില്ലാതെ ജീവിത പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു…
3. ജീവിത തുഴച്ചിൽ
വർഷങ്ങൾക്കു മുൻപ് പറമ്പികുളത്തു ട്രെക്കിങ്ങിനു പോയതാണ്… പെട്ടന്നാണ് ജലാശയത്തിലൂടെ മരം കൊണ്ട് കെട്ടിയുണ്ടാക്കിയ കുഞ്ഞു ചങ്ങാടത്തിൽ പോകുന്ന സ്ത്രീയെ ശ്രദ്ധിച്ചത്… കൂടെ മകനുമുണ്ട്. അവിടെയുള്ള ട്രൈബൽ സെറ്റലിമെന്റിലെ സ്ത്രീയാണ്… മകനെയും കൂട്ടി മൽസ്യം പിടിക്കാൻ പോകുന്നു; കാടിന്റെ മക്കളുടെ ജീവിത യാഥാർഥ്യങ്ങൾ, പോരാട്ടങ്ങൾ…
4. ജലഭാരം
വല്ലാത്തൊരു പകപ്പോടെയാണ് ഈ ചിത്രം പകർത്തുന്നത്… ആന്ധ്രയിലെ ഹൈറെയ്ഞ്ചു പ്രദേശമായ അരക്ക് വാലിയിലെ വിദൂരമായ കാൻഗുഡി ഗ്രാമത്തിലെ പുലർകാല ദൃശ്യമാണിത്… ഈ വർഷം ഫെബ്രുവരിയിലെ തണുപ്പിൽ പ്രകൃതി പുതച്ചുമൂടിയ സമയമാണ് ഞാൻ അവിടെയെത്തുന്നത്. ഒരു ചെറിയ ട്രൈബൽ സെറ്റിൽമെന്റ് ആണിത്…
രാവിലെ ആ ഗ്രാമത്തിലെ സ്ത്രീകളെല്ലാം കലങ്ങളുമായി അവിടെയെത്തും… ഒരൊറ്റ കിണറെ ആ സെറ്റലിമെന്റിലെ വീട്ടുകാർക്കുള്ളു, അവർക്കാവശ്യമുള്ള കലങ്ങളിൽ വെള്ളം നിറച്ചു ഒന്നിന് മുകളിൽ ഒന്നായ് വെച്ച് ഒരടി പോലും ചുവടു തെറ്റാതെ, ഒരു തുള്ളി വെള്ളം പോലും തുളുമ്പാതെ, പാഴാക്കാതെ വീടുകളിലേക്ക് തിരിക്കും… വല്ലാത്തൊരു കാഴ്ചയാണിത് .. അവരുടെ വേഗതയേറിയ നടത്തത്തിൽ പലപ്പോഴും ക്യാമറ പോലും പലതവണ എന്റെ കൈകളിൽ നിന്നും തുളുമ്പി…
5. മൺവഴിയിലെ സ്വാഭിമാനം
മഹാരാഷ്ട്രയിലെ തഡോബ അന്താരി ടൈഗർ റിസേർവിന്റെ തൊട്ടടുത്ത് ട്രൈബൽ സെറ്റിൽമെന്റ്… അവിടെ നിന്നാണ് ഈ ചിത്രം പകർത്തുന്നത്. രാവിലെ കാട്ടിലേക്കുള്ള സഫാരി കഴിഞ്ഞു തിരിച്ചെത്തിയാൽ അവിടെയുള്ള ഗ്രാമത്തിലേക്ക് പോവുന്ന പതിവുണ്ട്, അവരുടെ ജീവിതം അടുത്തറിയാനുള്ള ഒരു ശ്രമം അത്രമാത്രം…
അങ്ങിനെ നടക്കുന്നതിനിടയിൽ മൺവഴിയിൽ വലിയൊരു ചക്രത്തിനടുത്തു ഒരു സ്ത്രീ ഇരിക്കുന്നത് ശ്രദ്ധയിൽപെട്ടു. അവരെന്നെ കണ്ടതും അരികത്തേക്കു വിളിച്ചു ,തന്റെ ചിത്രമെടുക്കാൻ ആജ്ഞാപിച്ചു… ഞാനൊന്നു അമ്പരന്നുവെങ്കിലും അവരുടെ ചിത്രം ഞാൻ പകർത്തി അവരുടെ മുഖത്ത് ചിരിയുണ്ടായിരുന്നില്ല; പകരം ഒരു ഉയിർത്തെഴുന്നേല്പിന്റെ തന്റേടവും പ്രൗഢിയും നിഴലിച്ചിരുന്നു…
6. സ്വപ്നഭൂമിയിലെ സുന്ദരിമാർ
ഒറീസയിലെ മൽക്കാൻ ഗിരി ജില്ലയിലാണ് ഏറ്റവും പഴക്കമുള്ള ആദിവാസി സമൂഹങ്ങളിൽ ഒന്നായ ബോണ്ട ട്രൈബ്‌സിന്റെ ഭൂമിക.. വസ്ത്രത്തിനേക്കാൾ കൂടുതൽ ആഭരണങ്ങൾ ധരിക്കുന്ന സ്ത്രീകൾ.. ശരീരവും ശിരസ്സുമെല്ലാം ആഭരങ്ങൾ കൊണ്ട് ഭംഗിയായി അലങ്കരിച്ചു നടക്കുന്ന സുന്ദരികൾ..
കുടുംബങ്ങളിൽ സ്ത്രീകൾക്കാണ് പ്രാധാന്യം . അവർക്കിഷ്ടപ്പെട്ട പുരുഷനെ വിവാഹം കഴിക്കാനുള്ള സ്വതന്ത്ര്യം ഈ ബോണ്ടാസുന്ദരിമാർക്കുണ്ട് .. കുടുംബത്തിൽ ഏറ്റവും പ്രാധാന്യമുള്ള സ്ത്രീ കഴുത്തിൽ വളയങ്ങൾ അണിയും … അധികാരം കൂടുതോറും വളയങ്ങളുടെ എണ്ണം കൂടും.. കുടുംബത്തിൽ ബോണ്ട സ്ത്രീയേക്കാൾ വലിയൊരു അധികാര സ്രോതസ്സ് വേറേ കാണുവാൻ പ്രയാസമാകും…
ഇവയെല്ലാം ക്യാമറയിൽ പതിഞ്ഞ ചുരുക്കം ചില സ്ത്രീമുഖങ്ങൾ മാത്രമാണ്… മറക്കാനാകാത്ത മുഖങ്ങൾ; ഒരുപക്ഷെ ഇവരുടെ ജീവിത ജ്വാലയിൽ നിന്നായിരിക്കാം നാളത്തെ സ്ത്രീയുടെ മുന്നോട്ടുള്ള യാത്രയ്ക്കായി വെളിച്ചം ലഭിക്കുന്നതും…
Seema Suresh
സീമ സുരേഷ് - ഒരു ഫ്രീലാൻസ് ജേർണലിസ്റ് എന്നതിനോടൊപ്പം ഇന്ത്യയിലെ ചുരുക്കം വനിതാ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരിൽ ഒരാൾ. പ്രകൃതി സംരക്ഷണവും, വന്യജീവി ഫോട്ടോഗ്രാഫിയും സംബന്ധിച്ച നിരവധി ടെലിവിഷൻ പരിപാടികളിൽ പങ്കെടുക്കുകയും, കാടിന്റെ സ്പന്ദനങ്ങൾ തന്റെതായ സവിശേഷ രീതിയിൽ ഒപ്പിയെടുത്ത് നിരവധി മാസികകളിലൂടെയും പുസ്തകങ്ങളിലൂടെയും പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. സീമ സുരേഷ് 'കാഴ്ച്ചാപഥം' എന്ന ആഴ്ച്ചതോറുമുള്ള പംക്തിയിലൂടെ തന്റെ ഏറ്റവും മികച്ച വൈൽഡ് ലൈഫ് കാഴ്ച്ചകൾ പ്രവാസിഡെയിലി വായനക്കാർക്കായി പങ്കുവെക്കുന്നു.