യാത്രകളുടെ പത്തു വർഷങ്ങളാണ് കടന്നു പോവുന്നത് .. കാടിന്റെ കാഴ്ചകൾക്കൊപ്പം കൂട്ടുകൂടിയിട്ടു ഒമ്പതു വർഷവും …
പത്രപ്രവർത്തനകാലത്തു നടന്ന വഴികളിലൂടെയല്ല പിന്നീട് സഞ്ചരിച്ചത് … സിനിമ ജേർണലിസം നിർത്തുന്നിടത്താണ് യാത്രകളുടെ പുതിയ ഊർജ്ജം മനസ്സിൽ നിറയുന്നത്….
യാത്രകളിൽ നിന്ന് എന്ത് നേടിയെന്ന ചോദ്യങ്ങൾ ചുറ്റുമുയരുമ്പോൾ.. മറുപടി ഒന്നേ ഉള്ളു …
ലോകം ചെറുതല്ല…
യാത്രാനുഭവങ്ങളോളം, മുന്നോട്ടു ജീവിക്കാനുള്ള ഊർജ്ജം മറ്റൊന്നിനുമില്ല….
കഴിഞ്ഞ ഒമ്പതു വർഷങ്ങളായി ക്യാമറയുമായ് യാത്ര ചെയ്യുമ്പോൾ ഒരു പാടു കാടിൻ കാഴ്ചകൾ ഫ്രെമുകളിൽ എത്തി …കാത്തിരിപ്പിൽ മുഷിഞ്ഞ നിമിഷങ്ങളും ആകസ്മികത കൊണ്ട് അമ്പരിപ്പിച്ച കാഴ്ചകളും ..
തൃശ്ശൂരിലെ ചിമ്മിണി കാട്ടിൽ നിന്ന് തുടങ്ങിയ യാത്ര കെനിയയിലെ മസായിമാരാ വരെ എത്തി നിൽക്കുമ്പോൾ പറയാൻ ഒരു പാടു കാടനുഭവങ്ങൾ..
ചില നിമിഷങ്ങൾ മനുഷ്യരിലും മൃഗങ്ങളിലും ഒരേ തീവ്രത തന്നെയാണ് ഉണർത്തുക.
“മാതൃഭാവം”, അത് ഒരു അനിർവചനീയ അനുഭവമാണ്, കാട്ടിൽ നിന്ന് കിട്ടിയ ഈ ഫ്രെയ്മുകളിലും …
അങ്ങനെയൊരു ചിത്രങ്ങളുടെ സീരിസിൽ നിന്നാവട്ടെ ഇവിടത്തെ തുടക്കം …,
2018 ൽ ഞങ്ങൾ നാല് സുഹൃത്തുക്കളുടെ സംരംഭമായ ഗ്രീൻകാപ്പിന്റെ ആദ്യ ചിത്രപ്രദർശനമായ “Wild Lyrics”-ൽ എന്റെ തീം മാതൃഭാവമായിരുന്നു… ആ ചിത്രങ്ങങ്ങളാണിവ…
മമ്മ ഫോളോ മി
ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ദേശീയോദ്യാനത്തിൽ നിന്ന് പകർത്തിയ അമ്മയും കുഞ്ഞും…. രാം ഗംഗ നദി കടന്ന് മരങ്ങൾക്കിടയിലൂടെ ഉൾകാട്ടിലേക്കു പോവുന്ന ആനകൂട്ടം ..അതിലെ അമ്മയും കുഞ്ഞും…
ദാഹം
രാജസ്ഥാനിലെ ഭരത് പുർ കേവൽദേവ് പക്ഷി സങ്കേതത്തിൽ ഒരു മഞ്ഞു കാലത്തു പകർത്തിയ ചിത്രം. വർണ്ണ കൊക്കുകളുടെ പ്രജനന കാലം.. എല്ലാ മരങ്ങളും കൂടുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.. കുഞ്ഞുങ്ങളും.. അമ്മ പക്ഷി കുഞ്ഞുങ്ങൾക്കുള്ള വെള്ളം കൊക്കിൽ കോരിയെടുത്തു നൽകുന്നു… എന്തൊരു ഹൃദയം തുടിക്കുന്ന കാഴ്ച…
വാത്സല്യ നിറവിൽ
എനിക്കേറെ ഇഷ്ടപെട്ട തൊപ്പികുരങ്ങു കുടുംബത്തിന്റെ ചിത്രം പകർത്തിയത് ബന്ദിപ്പൂർ ഫോറെസ്റ്റോഫീസിനു മുന്നിൽ വെച്ച്.. അച്ഛനും അമ്മയും കുഞ്ഞും അവരുടെ ഹൃദയം കൊണ്ട് പരസ്പരം സംസാരിക്കുന്നു…
ധ്യാനം
മഹാരാഷ്ട്രയിലെ തടോബാ ടൈഗർ റിസേർവിൽ നിന്നാണ് ഈ അമ്മയേം കുഞ്ഞിനേയും പകർത്തിയത്.. അവിടെ കൂട്ടമായി ഹനുമാൻ കുരങ്ങുകൾ വിഹരിക്കുന്നത് കാണാമെങ്കിലും അവിചാരിതമായാണ് ഈ കാഴ്ച കണ്ണിൽ പെടുന്നത്.. പുൽക്കൂട്ടങ്ങൾക്കിടയിൽ അവർ കാത്തിരിപ്പിന്റെ ഏകാന്തയിലായിരുന്നു…
കരുതലിന്റെ കണ്ണുകൾ
തടോബായിലെ പെൺകടുവയും മകനും ..
വേനലിന്റെ ചൂടിൽ വെള്ളക്കെട്ടിൽ കിടന്നു ശരീരം തണുപ്പിക്കുന്ന സോനം എന്നറിയപ്പെടുന്ന ഇവളുടെ അടുത്തേക്ക് പതുങ്ങി പിന്നെ ധൈര്യത്തോടെ കടന്നു വന്ന കടുവ കുഞ്ഞ്.. അവന്റ ഓരോ ചുവടിലും അമ്മയുടെ കണ്ണിന്റെ കരുതൽ ഉണ്ടായിരുന്നു…
കുറുമ്പുണ്ണി
ബന്ദിപ്പൂരിൽ നിന്നാണ് ഈ ചിത്രം ലഭിക്കുന്നത്. അമ്മിഞ്ഞ പാൽ നുകരുന്നതോടൊപ്പം കുഞ്ഞിന്റെ കുസൃതികൾ ആസ്വദിക്കുന്ന അമ്മയും…
ജാഗ്രത
മഴയിൽ കുതിർന്ന ഇല പച്ചകൾക്കിടയിൽ നിൽക്കുന്ന പുള്ളിമാനും കുഞ്ഞും.. മൺവഴികൾക്കിടയിലൂടെ കടന്നു പോവുന്ന സഫാരി ജീപ്പിലേക്കു അതീവ ജാഗ്രതയോടെ അവർ നോക്കി നിന്നു.. അപരിചിതമായ മനുഷ്യരെ നോക്കി…
Seema Suresh
സീമ സുരേഷ് - ഒരു ഫ്രീലാൻസ് ജേർണലിസ്റ് എന്നതിനോടൊപ്പം ഇന്ത്യയിലെ ചുരുക്കം വനിതാ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരിൽ ഒരാൾ. പ്രകൃതി സംരക്ഷണവും, വന്യജീവി ഫോട്ടോഗ്രാഫിയും സംബന്ധിച്ച നിരവധി ടെലിവിഷൻ പരിപാടികളിൽ പങ്കെടുക്കുകയും, കാടിന്റെ സ്പന്ദനങ്ങൾ തന്റെതായ സവിശേഷ രീതിയിൽ ഒപ്പിയെടുത്ത് നിരവധി മാസികകളിലൂടെയും പുസ്തകങ്ങളിലൂടെയും പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. സീമ സുരേഷ് 'കാഴ്ച്ചാപഥം' എന്ന ആഴ്ച്ചതോറുമുള്ള പംക്തിയിലൂടെ തന്റെ ഏറ്റവും മികച്ച വൈൽഡ് ലൈഫ് കാഴ്ച്ചകൾ പ്രവാസിഡെയിലി വായനക്കാർക്കായി പങ്കുവെക്കുന്നു.