യു എ ഇ: കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയും, ഭീകരവാദത്തിനെതിരെയുമുള്ള ഉന്നതസമിതി യോഗത്തിൽ അബ്ദുള്ള ബിൻ സായിദ് പങ്കെടുത്തു

UAE

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം എന്നിവ തടയുന്നതിനായുള്ള ദേശീയ നയതന്ത്രത്തിന്റെ മേൽനോട്ടം വഹിക്കുന്ന ഉന്നത സമിതിയുടെ എട്ടാമത് വെർച്വൽ യോഗത്തിൽ യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ അധ്യക്ഷത വഹിച്ചു. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് ധനസഹായം നൽകൽ എന്നിവയ്ക്കെതിരെയുള്ള യു എ ഇയുടെ കർമപദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങൾ സമിതി അംഗങ്ങൾ അവലോകനം ചെയ്തു.

ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ കൈവരിച്ച പുരോഗതിയെക്കുറിച്ചും, സമിതിയുടെ അവസാന യോഗത്തിനുശേഷം കൈവരിച്ച മുന്നേറ്റങ്ങളെക്കുറിച്ചും യോഗത്തിൽ പങ്കെടുത്തവർ ചർച്ച ചെയ്തു. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് സമർപ്പിച്ച എല്ലാ ആവശ്യകതകളും ശുപാർശകളും നിറവേറ്റുന്നതിന് അധികൃതർ സ്വീകരിക്കേണ്ട മുൻഗണനകളും അടുത്ത നടപടികളും യോഗത്തിൽ വിശകലനം ചെയ്യുകയുണ്ടായി.

ധനകാര്യ സഹമന്ത്രി ഒബയ്ദ് ബിൻ ഹുമൈദ് അൽ തയർ, നീതിന്യായ മന്ത്രി സുൽത്താൻ ബിൻ സയീദ് അൽ ബാദി അൽ ദഹേരി, സഹമന്ത്രി അഹമ്മദ് അലി അൽ സെയ്ഗ്, യു എ ഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് സേലം ബാലാമ, ചീഫ് ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി അപ്പാരറ്റസ് അഹ്മദ് അൽ ദഹേരി, ദുബായിലെ സംസ്ഥാന സുരക്ഷാ വകുപ്പ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അൽ ഫലാസി മറ്റു നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

WAM