യു എ ഇ: പ്രായമായ നിവാസികളിൽ 60 ശതമാനത്തോളം പേർ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചു

UAE

ഇതുവരെ രാജ്യത്തെ 3.48 ദശലക്ഷത്തിലധികം ആളുകൾ COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) വ്യക്തമാക്കി. ഫെബ്രുവരി 23-ലെ പ്രത്യേക പത്രസമ്മേളനത്തിൽ യു എ ഇ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക വക്താവ് ഡോ. ഫരീദ അൽ ഹോസാനിയാണ് ഇക്കാര്യം അറിയിച്ചത്.

ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള മുൻഗണനാ വിഭാഗത്തിലെ ഏതാണ്ട് 44.89 ശതമാനം പേർക്ക് ഇതിനകം വാക്സിൻ നൽകിയതായും അവർ കൂട്ടിച്ചേർത്തു. പ്രായമായവർക്കും, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കുമാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്.

രാജ്യത്തെ 60 വയസിനു മുകളിൽ പ്രായമായ നിവാസികളിൽ 57.66 ശതമാനത്തോളം പേർ ഇതുവരെ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചുവെന്നും അവർ വ്യക്തമാക്കി. ഇതുവരെ യു എ ഇയിൽ 5.66 ദശലക്ഷം ഡോസ് വാക്സിൻ നൽകിയിട്ടുണ്ടെന്നും ഡോ. ഹോസാനി വെളിപ്പെടുത്തി. 100 പേരിൽ 57.31 പേർക്ക് എന്ന നിരക്കിലാണ് വാക്സിൻ നൽകുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

രാജ്യത്ത് വിതരണം ചെയ്യുന്ന വാക്സിനുകൾ പൂർണ്ണമായും സുരക്ഷിതമാണെന്നും അവർ വ്യക്തമാക്കി. പ്രായമായവരും വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരുമായ പൗരന്മാരോടും, പ്രവാസികളോടും എത്രയും വേഗം വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ അവർ ആഹ്വാനം ചെയ്തു.

രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധ ശ്രമങ്ങളുടെ ഭാഗമായി കൂടുതൽ ഫീൽഡ് ഹോസ്പിറ്റലുകൾ നിർമ്മിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും അവർ ഇതേ പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു.