2022 വർഷത്തിന്റെ മൂന്നാം പാദത്തിൽ അബുദാബിയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തവരുടെ എണ്ണം നാലര ദശലക്ഷം കടന്നു

UAE

2022 വർഷത്തിന്റെ മൂന്നാം പാദത്തിൽ അബുദാബിയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തവരുടെ എണ്ണം നാലര ദശലക്ഷം കടന്നതായി അബുദാബി എയർപോർട്ട്സ് അറിയിച്ചു. 2022 നവംബർ 28-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

എമിറേറ്റിലെ അഞ്ച് വിമാനത്താവളങ്ങളിലൂടെ ഈ കാലയളവിൽ യാത്ര ചെയ്തവരുടെ എണ്ണം 4.7 ദശലക്ഷമാണെന്ന് അധികൃതർ വ്യക്തമാക്കി. അബുദാബി ഇന്റർനാഷണൽ എയർപോർട്ട്, അൽ ഐൻ ഇന്റർനാഷണൽ എയർപോർട്ട്, അൽ ബതീൻ എക്സിക്യൂട്ടീവ് എയർപോർട്ട്, ഡെൽമ ഐലൻഡ് എയർപോർട്ട്, സിർ ബാനി യാസ് ഐലൻഡ് എയർപോർട്ട് എന്നീ വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ച ആകെയുള്ള യാത്രികരുടെ കണക്കുകളാണിത്.

2021-ലെ മൂന്നാം പാദത്തിൽ ഇത് 1.3 ദശലക്ഷം യാത്രികർ മാത്രമായിരുന്നു. യാത്രികരുടെ എണ്ണത്തിൽ 250 ശതമാനം വളർച്ചയാണ് എമിറേറ്റിലെ വിമാനത്താവളങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിൽ നിന്നുള്ള യാത്രികരാണ് ഇതിൽ മുന്നിൽ. യു കെ, പാകിസ്ഥാൻ, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിൽ അടുത്ത സ്ഥാനങ്ങളിലുള്ളത്.