ഡിസംബർ 24, വ്യാഴാഴ്ച്ച മുതൽ അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്ക് എമിറേറ്റിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് അബുദാബി ക്രൈസിസ് എമെർജൻസീസ് ആൻഡ് ഡിസാസ്റ്റെർസ് കമ്മിറ്റി വ്യക്തമാക്കി. ഡിസംബർ 22-ന് രാത്രിയാണ് കമ്മിറ്റി ഈ അറിയിപ്പ് പുറത്തിറക്കിയത്.
ഇത്തരത്തിൽ അബുദാബിയിലേക്ക് പ്രവേശനം അനുവദിക്കുന്ന അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്കും, അന്താരാഷ്ട്ര യാത്രികർക്കുമുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
എമിറേറ്റിലെ കൊറോണ വൈറസ് പ്രതിരോധ നടപടികളിൽ കൈവരിച്ച നേട്ടങ്ങൾ നിലനിർത്തുന്നതിനായി, മുൻകരുതൽ നടപടികളിലും, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിലും മാറ്റങ്ങൾ വരുത്താൻ കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്ക് എമിറേറ്റിലേക്ക് പ്രവേശനം അനുവദിക്കാനുള്ള തീരുമാനം.
അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ഉൾപ്പടെ അബുദാബിയിലെത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രികരും താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്:
- എമിറേറ്റിലേക്ക് പ്രവേശിക്കുന്ന മുഴുവൻ അന്താരാഷ്ട്ര യാത്രികരും, അബുദാബിയിലെത്തുന്നതിനു മുൻപ് 96 മണിക്കൂറിനുള്ളിൽ നേടിയ COVID-19 PCR ടെസ്റ്റ് നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.
- ഇപ്രകാരം എമിറേറ്റിലേക്ക് പ്രവേശിക്കുന്ന മുഴുവൻ അന്താരാഷ്ട്ര യാത്രികർക്കും അബുദാബി വിമാനത്താവളത്തിൽ പ്രവേശിച്ച ശേഷം രണ്ടാമതും COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്.
- രോഗസാധ്യത തീരെയില്ലാത്ത രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് അബുദാബി വിമാനത്താവളത്തിൽ നിന്നുള്ള COVID-19 PCR ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണെങ്കിൽ തുടർന്നുള്ള ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ട്. ഈ COVID-19 PCR ടെസ്റ്റിന്റെ റിസൾട്ട് ലഭിക്കുന്നത് വരെ യാത്രികൻ സ്വയം ഐസൊലേറ്റ് ചെയ്യേണ്ടതാണ്. രോഗസാധ്യത തീരെയില്ലാത്ത രാജ്യങ്ങളുടെ പട്ടിക താഴെ നൽകിയിട്ടുണ്ട്.
- മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് 10 ദിവസം ക്വാറന്റീൻ നിർബന്ധമാണ്.
- തുടർന്ന് 6 ദിവസത്തിൽ കൂടുതൽ എമിറേറ്റിൽ താമസിക്കുന്നവർക്ക് അബുദാബിയിലേക്ക് പ്രവേശിച്ച ശേഷം ആറാം ദിനത്തിൽ COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്. 12 ദിവസത്തിൽ കൂടുതൽ അബുദാബിയിൽ താമസിക്കുന്നവർക്ക് ആറാം ദിനത്തിലെ പരിശോധനയ്ക്ക് പുറമെ പന്ത്രണ്ടാം ദിനത്തിലും PCR ടെസ്റ്റ് നടത്തേണ്ടതാണ്.
അബുദാബിയിലേക്കുള്ള അന്താരാഷ്ട്ര യാത്രികർക്ക് രോഗസാധ്യത തീരെയില്ലാത്തതായി കണക്കാക്കുന്ന ‘ഗ്രീൻ’ വിഭാഗത്തിലുള്ള രാജ്യങ്ങളുടെ പട്ടിക:
രോഗസാധ്യത തീരെയില്ലാത്ത രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് അബുദാബി ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ഈ പട്ടികയിലുള്ള രാജ്യങ്ങൾ ഇവയാണ്:
Sl No. | Country |
---|---|
1 | Australia |
2 | Brunei |
3 | China |
4 | Greece |
5 | Greenland |
6 | Hong Kong |
7 | Malaysia |
8 | Mauritius |
9 | New Zealand |
10 | Saudi Arabia |
11 | Singapore |
12 | Taiwan |
13 | Tajikistan |
14 | Thailand |
15 | Uzbekistan |
16 | Vietnam |
https://visitabudhabi.ae/en/plan-your-trip/covid-safe-travel/permitted-countries എന്ന വിലാസത്തിൽ ഈ പട്ടിക ലഭ്യമാണ്. ഈ പട്ടിക ഓരോ രണ്ടാഴ്ച്ച തോറും പുതുക്കുന്നതാണ്.