പുതുവർഷത്തെ വരവേൽക്കുന്നതിനായി കണ്ണഞ്ചിപ്പിക്കുന്ന ആഘോഷപരിപാടികളുമായി യു എ ഇയുടെ തലസ്ഥാന നഗരിയായ അബുദാബി ഒരുങ്ങിക്കഴിഞ്ഞതായി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) പ്രഖ്യാപിച്ചു. 2021-ലേക്ക് പ്രവേശിക്കുന്ന ആഘോഷരാവിൽ സന്ദർശകർക്കും, നിവാസികൾക്കുമായി അത്യാകർഷകമായ കരിമരുന്നു പ്രദർശനങ്ങളും, വിനോദ പരിപാടികളുമാണ് DCT അണിയിച്ചൊരുക്കുന്നത്.
അബുദാബിയിലെ നാല് വ്യത്യസ്ഥ ഇടങ്ങളിലാണ് പുതുവർഷാഘോഷങ്ങളുടെ ഭാഗമായുള്ള പ്രത്യേക പരിപാടികളും, കരിമരുന്ന് പ്രദർശനവും സംഘടിപ്പിക്കുന്നത്:
- അബുദാബി കോർണിഷ്.
- അൽ മരിയ ഐലൻഡ് പ്രൊമനേഡ്.
- ഷെയ്ഖ് സയ്ദ് ഫെസ്റ്റിവൽ, അൽ വത്ബ.
- യാസ് ഐലൻഡ്.
ഡിസംബർ 31-ന് വൈകീട്ട് 3 മണി മുതൽ 12.00 am വരെ അൽ വത്ബയിലെ ഷെയ്ഖ് സയ്ദ് ഫെസ്റ്റിവൽ വേദിയിൽ പ്രത്യേക പുതുവർഷാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതാണ്. ഏതാണ്ട് 35 മിനിറ്റ് നീണ്ട് നിൽക്കുന്ന കരിമരുന്ന് പ്രയോഗവും ഈ ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. നേർരേഖയിലെ ഏറ്റവും നീളമേറിയ വെടിക്കെട്ട് പ്രദർശനം, ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വായുവിൽ കറങ്ങുന്ന തരത്തിലുള്ള കരിമരുന്ന് പ്രയോഗം എന്നീ രണ്ട് വ്യത്യസ്ഥ ഗിന്നസ് റെക്കോർഡുകളാണ് ഈ കരിമരുന്ന് പ്രദർശനത്തിലൂടെ അബുദാബി ലക്ഷ്യമിടുന്നത്.
അബുദാബി കോർണിഷിൽ സംഘടിപ്പിക്കുന്ന വെടിക്കെട്ട് പ്രദർശനത്തിന്റെ ഒരുക്കങ്ങളുടെ ദൃശ്യങ്ങൾ DCT പങ്ക് വെച്ചിട്ടുണ്ട്.
ഈ പ്രദർശനങ്ങളിലെത്തുന്ന സന്ദർശകർക്കായുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും DCT പങ്ക് വെച്ചിട്ടുണ്ട്:
- തിരക്കേറിയ ഇടങ്ങൾ ഒഴിവാക്കേണ്ടതാണ്.
- ഒരേ കുടുംബത്തിലെ അംഗങ്ങൾ മാത്രം ഒത്തുചേരുന്ന ആഘോഷങ്ങളിൽ പങ്കെടുക്കുക.
- മാസ്കുകൾ മുഴുവൻ സമയവും ഉപയോഗിക്കേണ്ടതാണ്.
- 2 മീറ്റർ എങ്കിലും സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്.
- കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് ശുചിയാക്കണം.
- പ്രായമായവർ, ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നീ വിഭാഗക്കാർ ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് ഒഴിവാക്കേണ്ടതാണ്.
- രോഗ ലക്ഷണങ്ങൾ പ്രകടമാക്കുന്നവർ ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് ഒഴിവാക്കേണ്ടതാണ്.
ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ നിയമ നടപടികളും, പിഴ ശിക്ഷയും ഉണ്ടാകുമെന്നും DCT മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.