ഹിജ്‌റ പുതുവർഷം: അബുദാബിയിൽ പാർക്കിങ്ങ് സൗജന്യം; പൊതുഗതാഗത സമയക്രമം പ്രഖ്യാപിച്ചു

UAE

ഹിജ്‌റ പുതുവർഷ അവധിയുമായി ബന്ധപ്പെട്ട്, ഓഗസ്റ്റ് 23, ഞായറാഴ്ച്ച മുതൽ ഓഗസ്റ്റ് 24, തിങ്കളാഴ്ച്ച രാവിലെ 7.59 വരെ അബുദാബിയിലെ പൊതു പാർക്കിങ്ങ് സംവിധാനങ്ങൾ സൗജന്യമാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. ഈ സമയങ്ങളിൽ വാഹനങ്ങൾക്ക് പാർക്കിങ്ങിനായി നൽകിയിട്ടുള്ള ഇടങ്ങളിൽ സൗജന്യമായി പാർക്ക് ചെയ്യാവുന്നതാണ്.

വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ അനുവാദമില്ലാത്ത ഇടങ്ങളിലോ, മറ്റു വാഹനങ്ങളെ തടയുന്ന രീതിയിലോ, ഗതാഗതത്തിന് തടസമുണ്ടാക്കുന്ന രീതിയിലോ വാഹനങ്ങൾ നിർത്തി ഇടരുതെന്നും ITC ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാത്രി 9 മുതൽ രാവിലെ 8 വരെ റസിഡന്റ് പാർക്കിങ്ങുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കാനും ITC നിർദ്ദേശിച്ചിട്ടുണ്ട്.

ഹിജ്‌റ പുതുവർഷ അവധിക്ക് ശേഷം കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളിലെ വിദൂര സമ്പ്രദായത്തിലെ പ്രവർത്തനങ്ങൾ ഓഗസ്റ്റ് 24, തിങ്കളാഴ്ച്ച മുതൽ തുടരുന്നതാണ്. നിലവിൽ ഈ കേന്ദ്രങ്ങളിൽ വിദൂര സമ്പ്രദായത്തിലുള്ള സേവനങ്ങളാണ് നൽകിവരുന്നത്.

ITC-യുടെ എല്ലാ സേവനങ്ങളും നിലവിൽ https://www.itc.gov.ae/ എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയോ, customer.care@itc.gov.ae എന്ന ഇമെയിൽ വിലാസത്തിലൂടെയോ, Darb ആപ്പിലൂടെയോ, 80088888 എന്ന നമ്പറിലൂടെയോ നേടാവുന്നതാണ്.

അബുദാബി, അൽ ഐൻ, അൽ ദഫ്‌റ എന്നിവിടങ്ങളിലെ പൊതുഗതാഗതത്തിനുള്ള ബസുകൾ, ഹിജ്‌റ പുതുവർഷ അവധി ദിനത്തിൽ, വെള്ളിയാഴ്ച്ചകളിലെ പ്രവർത്തനസമയക്രമത്തിൽ സേവനങ്ങൾ നൽകുന്നതാണെന്നും ITC അറിയിച്ചു. ഇന്റർ-സിറ്റി ബസുകൾ താത്‌കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ജബൽ അൽ ധാന പോർട്ട് – ഡാൽമ ഐലൻഡ്, സാദിയാത്ത് – അൽ അലിഅഹ് ഐലൻഡ് എന്നിവയ്ക്കിടയിലെ ഫെറി സേവനങ്ങൾ ഹിജ്‌റ പുതുവർഷ അവധി ദിനത്തിൽ സാധാരണ സമയക്രമത്തിൽ പ്രവർത്തിക്കുന്നതാണെന്നും ITC കൂട്ടിച്ചേർത്തു.