അബുദാബി: വാരാന്ത്യത്തിൽ ഷെയ്ഖ് സായിദ് പാലത്തിലും, ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലും ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

UAE

2023 ഫെബ്രുവരി 25, ശനിയാഴ്ച അർദ്ധരാത്രി മുതൽ 2023 ഫെബ്രുവരി 26, ഞായറാഴ്ച ഉച്ച വരെ ഷെയ്ഖ് സായിദ് പാലത്തിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

ഈ അറിയിപ്പ് പ്രകാരം, ഷെയ്ഖ് സായിദ് പാലത്തിൽ, നഗരത്തിലേക്കുള്ള ദിശയിൽ, ഇടത് വശത്തുള്ള രണ്ട് വരികളിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഇതോടൊപ്പം, 2023 ഫെബ്രുവരി 25, ശനിയാഴ്ച അർദ്ധരാത്രി മുതൽ 2023 ഫെബ്രുവരി 27, തിങ്കളാഴ്ച രാവിലെ 5 മണിവരെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ITC അറിയിച്ചിട്ടുണ്ട്.

ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ സായിദ് ദി ഫസ്റ്റ് സ്ട്രീറ്റിനും, അൽ മൗകിബ് സ്ട്രീറ്റിനും ഇടയിലുള്ള മേഖലയിൽ സിറ്റി സെന്ററിലേക്കുള്ള ദിശയിൽ വലത് വശത്തുള്ള രണ്ട് വരികളിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.