എമിറേറ്റിലെ ദേശീയ വാക്സിനേഷൻ പ്രോഗ്രാമിന്റെയും, വാക്സിൻ ക്ലിനിക്കൽ ട്രയലിന്റെയും ഭാഗമായി COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവർക്കുള്ള പ്രത്യേക പരിശോധനാ മാനദണ്ഡങ്ങൾ അബുദാബി എമെർജൻസീസ്, ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് കമ്മിറ്റി പ്രഖ്യാപിച്ചു. ജനുവരി 17-ന് വൈകീട്ടാണ് കമ്മിറ്റി ഇത് സംബന്ധിച്ച പ്രത്യേക അറിയിപ്പ് പുറത്തിറക്കിയത്.
ഇത്തരക്കാരുടെ ആരോഗ്യ പരിശോധനകളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ജനുവരി 17 മുതൽ പ്രാബല്യത്തിൽ വന്നതായും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. എമിറേറ്റിലെ ദേശീയ വാക്സിനേഷൻ പ്രോഗ്രാമിന്റെയും, വാക്സിൻ ക്ലിനിക്കൽ ട്രയലിന്റെയും ഭാഗമായി അബുദാബിയിൽ നിലവിൽ രണ്ട് തരത്തിലാണ് ജനങ്ങൾ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിട്ടുള്ളത്. ഈ രണ്ട് വിഭാഗങ്ങൾക്കും ബാധകമാക്കിയിട്ടുള്ള പരിശോധനാ മാനദണ്ഡങ്ങൾ കമ്മിറ്റി പ്രത്യേകം അറിയിച്ചിട്ടുണ്ട്.
എമിറേറ്റിലെ ദേശീയ വാക്സിനേഷൻ പ്രോഗ്രാമിന്റെ ഭാഗമായി വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവർക്കുള്ള നിർദ്ദേശങ്ങൾ:
ഇത്തരക്കാർക്ക് അൽഹൊസൻ ആപ്പിൽ ഇത് വ്യക്തമാക്കുന്ന E ചിഹ്നം ഉണ്ടായിരിക്കുന്നതാണ്. രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ച് 28 ദിവസങ്ങൾക്ക് ശേഷം നടത്തുന്ന PCR പരിശോധയ്ക്ക് ശേഷമാണ് ഇവർക്ക് അൽഹൊസൻ ആപ്പിൽ ഇത് വ്യക്തമാക്കുന്ന E ചിഹ്നം ലഭിക്കുന്നത്.
ഇവർക്ക് നിശ്ചിതസമയമനുസരിച്ച് വീണ്ടും പ്രത്യേക COVID-19 പരിശോധനകൾ നടത്തേണ്ടതില്ല. എന്നാൽ അൽഹൊസൻ ആപ്പിലെ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി ഓരോ ഏഴു ദിവസങ്ങൾ കൂടുമ്പോഴും PCR പരിശോധന നടത്തേണ്ടതാണ്.
എമിറേറ്റിലെ വാക്സിൻ ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവർക്കുള്ള നിർദ്ദേശങ്ങൾ:
ഇത്തരക്കാർക്ക് അൽഹൊസൻ ആപ്പിൽ ഇത് വ്യക്തമാക്കുന്ന ഗോൾഡൻ സ്റ്റാർ ചിഹ്നം ഉണ്ടായിരിക്കുന്നതാണ്. വാക്സിൻ ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി എല്ലാ ഡോസ് വാക്സിൻ കുത്തിവെപ്പുകളും സ്വീകരിച്ച ശേഷം നടത്തുന്ന PCR പരിശോധയ്ക്ക് ശേഷമാണ് ഇവർക്ക് അൽഹൊസൻ ആപ്പിൽ ഇത് വ്യക്തമാക്കുന്ന ഗോൾഡൻ സ്റ്റാർ ചിഹ്നം ലഭിക്കുന്നത്.
ഇവർക്ക് ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി നിശ്ചയിച്ചിട്ടുള്ള പ്രത്യേക പരിശോധനകൾ നിർബന്ധമാണ്. അൽഹൊസൻ ആപ്പിലെ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി ഓരോ ഏഴു ദിവസങ്ങൾ കൂടുമ്പോഴും PCR പരിശോധന നടത്തേണ്ടതാണ്.
വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവർക്കുള്ള യാത്രാ നിർദ്ദേശങ്ങൾ:
വിദേശ യാത്രയ്ക്ക് ശേഷം ഗ്രീൻ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് യു എ ഇയിൽ പ്രവേശിച്ച ഉടൻ ഒരു PCR ടെസ്റ്റ് നിർബന്ധമാണ്. ഇതിന് ശേഷം ആറാം ദിനത്തിൽ മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഗ്രീൻ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് ക്വാറന്റീൻ നടപടികൾ ഒഴിവാക്കിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്ന് മടങ്ങുന്നവർക്ക് യു എ ഇയിൽ പ്രവേശിച്ച ഉടനെയും, എട്ടാം ദിനത്തിലും PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർക്ക് 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.
വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവർ COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായാൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ:
COVID-19 രോഗബാധ സ്ഥിരീകരിച്ച ഒരാളുമായി വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവർ സമ്പർക്കത്തിനിടയാകുന്ന സാഹചര്യത്തിൽ ഇവർ അഞ്ച് ദിവസം ക്വാറന്റീനിൽ തുടരേണ്ടതും, നാലാം ദിവസം PCR ടെസ്റ്റ് നടത്തേണ്ടതുമാണ്. ഈ ടെസ്റ്റ് നെഗറ്റീവ് ആണെങ്കിൽ ക്വാറന്റീൻ അവസാനിപ്പിക്കാവുന്നതാണ്.