അബുദാബി: 2021 ജനുവരി 3 മുതൽ ആരംഭിക്കുന്ന പുതിയ അധ്യയന കാലത്തിൽ ആദ്യ രണ്ടാഴ്ച്ച വിദൂര പഠന സമ്പ്രദായം നടപ്പിലാക്കും

GCC News

എമിറേറ്റിലെ വിദ്യാലയങ്ങളിൽ 2021 ജനുവരി 3 മുതൽ ആരംഭിക്കുന്ന പുതിയ അധ്യയന കാലത്തിൽ ആദ്യ രണ്ടാഴ്ച്ച വിദൂര രീതിയിലുള്ള പഠനം നടപ്പിലാക്കുന്നതിന് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അംഗീകാരം നൽകി. അബുദാബി വിദ്യാഭ്യാസ-വിജ്ഞാന വകുപ്പുമായി സഹകരിച്ച് കൈകൊണ്ടിട്ടുള്ള ഈ തീരുമാനം, എമിറേറ്റിലെ മുഴുവൻ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും ബാധകമാണ്.

എമിറേറ്റിലെ വിദ്യാലയങ്ങളിലെ, വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും, സ്കൂൾ ജീവനക്കാരുടെയും ആരോഗ്യവും, സുരക്ഷയും മുൻനിർത്തിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. അബുദാബിയിലെ വിദ്യാലയങ്ങളിൽ ഈ അധ്യയന വർഷത്തിലെ രണ്ടാം ഘട്ടം 2021 ജനുവരി 3 മുതൽ ആരംഭിക്കുന്നതാണ്.

വിദേശ രാജ്യങ്ങളിൽ നിന്ന്, രാജ്യത്തെ ഏതെങ്കിലും വിമാനത്താവളങ്ങളിലൂടെയോ, തുറമുഖങ്ങളിലൂടെയോ യു എ ഇയിലേക്ക് മടങ്ങുന്ന മുഴുവൻ വിദ്യാർത്ഥികളും, അധ്യാപകരും, സ്കൂൾ ജീവനക്കാരും അബുദാബിയിൽ നിലവിലുള്ള ക്വാറന്റീൻ നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾ, മാതാപിതാക്കൾ, വിദ്യാലയങ്ങളിലെ അക്കാദമിക്, അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ എന്നിവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും, പൊതു സുരക്ഷ നിലനിർത്തുന്നതിനുമുള്ള എല്ലാ പ്രതിരോധ, മുൻകരുതൽ നടപടികളും പാലിക്കേണ്ടതിന്റെ പ്രാധാന്യവും കമ്മിറ്റി ചൂണ്ടിക്കാട്ടി.

WAM