അബുദാബി: ഓഗസ്റ്റ് 20 മുതൽ പൊതുഇടങ്ങളിലേക്ക് വാക്സിനെടുത്തവർക്ക് മാത്രം പ്രവേശനം നൽകാനുള്ള തീരുമാനം ഔദ്യോഗികമായി അംഗീകരിച്ചു

UAE

2021 ഓഗസ്റ്റ് 20 മുതൽ എമിറേറ്റിലെ പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും, വാക്സിനെടുക്കുന്നതിൽ ഔദ്യോഗികമായി ഇളവ് ലഭിച്ചവർക്കും മാത്രമാക്കി പരിമിതപ്പെടുത്താനുള്ള തീരുമാനത്തിന് ഔദ്യോഗിക അംഗീകാരം നൽകിയതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി. ഓഗസ്റ്റ് 14-ന് വൈകീട്ടാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2021 ഓഗസ്റ്റ് 20, വെള്ളിയാഴ്ച്ച മുതൽ എമിറേറ്റിലെ ഏതാനം പൊതുഇടങ്ങളിലേക്ക് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രം പ്രവേശനം നൽകുന്നതിനുള്ള ഈ തീരുമാനം പൗരന്മാർ, പ്രവാസികൾ, വിനോദസഞ്ചാരികൾ തുടങ്ങിയ എല്ലാ വിഭാഗങ്ങൾക്കും ബാധകമായിരിക്കുമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു. Alhosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവർക്കാണ് ഇപ്രകാരം പൊതുഇടങ്ങളിലേക്ക് പ്രവേശനം നൽകുന്നത്. COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർ PCR ടെസ്റ്റ് നടത്തി നെഗറ്റീവ് ആകുന്നതോടെ ആപ്പിൽ 30 ദിവസത്തേക്ക് ഗ്രീൻ സ്റ്റാറ്റസ് രേഖപ്പെടുത്തുന്നതാണ്.

താഴെ പറയുന്ന രീതിയിലാണ് Alhosn ആപ്പിൽ വാക്സിനേഷൻ സ്റ്റാറ്റസ് രേഖപ്പെടുത്തുന്നത്:

  • വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർ – ഓരോ 30 ദിവസവും PCR പരിശോധന നടത്തി നെഗറ്റീവ് ആകുന്നതിനനുസരിച്ച് ആപ്പിലെ സ്റ്റാറ്റസ് ഗ്രീൻ എന്ന് രേഖപ്പെടുത്തുന്നതാണ്.
  • ആരോഗ്യ കാരണങ്ങളാൽ COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കുന്നതിന് ബുദ്ധിമുട്ടുകളുള്ളവർ (ഇളവ് ഔദ്യോഗികമായി നേടിയിരിക്കണം) – ഇവർക്ക് ഗ്രീൻ സ്റ്റാറ്റസ് ലഭിക്കുന്നതിന് ഓരോ 7 ദിവസം തോറും PCR പരിശോധന നടത്തേണ്ടതാണ്.
  • 16 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രത്യേക പരിശോധനകൾ കൂടാതെ തന്നെ ഗ്രീൻ സ്റ്റാറ്റസ് രേഖപ്പെടുത്തും.
  • വാക്സിനെടുക്കാത്തവർക്ക് Alhosn ആപ്പിൽ ഗ്രേ സ്റ്റാറ്റസ് രേഖപ്പെടുത്തുന്നതാണ്.

Alhosn ആപ്പിൽ ഗ്രേ സ്റ്റാറ്റസ് ഉള്ളവർക്ക് ഈ തീരുമാന പ്രകാരം നിയന്ത്രണമേർപ്പെടുത്തിയിട്ടുള്ള പൊതു ഇടങ്ങളിലേക്ക് പ്രവേശനം നൽകുന്നതല്ല. വിദേശത്ത് നിന്നെത്തുന്ന സന്ദർശകർ, വിനോദസഞ്ചാരികൾ തുടങ്ങിയവർക്ക് ഈ നിയന്ത്രണങ്ങൾ ബാധകമാണ്. അന്താരാഷ്ട്ര യാത്രാ നിബന്ധനകൾ പ്രകാരമാണ് ഇവർക്ക് തങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ് തെളിയിക്കാനാകുക എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

വിദേശരാജ്യങ്ങളിൽ നിന്ന് എമിറേറ്റിലേക്ക് യാത്ര ചെയ്യുന്നവർക്ക് വിദേശത്ത് നിന്നെടുത്തിട്ടുള്ള COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ ആധികാരികത തെളിയിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കഴിഞ്ഞ ദിവസം അബുദാബി പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 20 മുതൽ എമിറേറ്റിലെ പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമാക്കി പരിമിതപ്പെടുത്താനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ്, യാത്രികർക്ക് തങ്ങളുടെ വിദേശത്ത് നിന്നെടുത്തിട്ടുള്ള COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ ആധികാരികത തെളിയിക്കുന്നതിനുള്ള സേവനം നൽകാൻ അബുദാബി തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, വാക്സിനെടുക്കാത്ത, പുതിയ റെസിഡൻസി വിസകളിലുള്ളവർക്ക് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാൻ 60 ദിവസത്തെ സമയം അനുവദിച്ചതായും കമ്മിറ്റി വ്യക്തമാക്കി.

Alhosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിബന്ധനകളും കമ്മിറ്റി അറിയിച്ചിട്ടുണ്ട്:

  • COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർ, Alhosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി രണ്ടാം ഡോസ് സ്വീകരിച്ച് 6 മാസത്തിന് ശേഷം ഒരു ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കേണ്ടതാണ്.
  • ഇതിൽ 30 ദിവസത്തെ അധിക സമയം അനുവദിക്കുന്നതാണ്. രണ്ടാം ഡോസ് എടുത്ത് 6 മാസം പൂർത്തിയാക്കിയ ശേഷം ബൂസ്റ്റർ കുത്തിവെപ്പ് എടുക്കാത്തവരുടെ സ്റ്റാറ്റസ് സെപ്റ്റംബർ 20 മുതൽ ഗ്രേ നിറത്തിൽ രേഖപ്പെടുത്താൻ ആരംഭിക്കുന്നതാണ്. വാക്സിൻ ട്രയലിൽ പങ്കെടുത്തവർക്ക് ഇതിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.

അബുദാബിയിൽ 2021 ഓഗസ്റ്റ് 20 മുതൽ താഴെ പറയുന്ന ഇടങ്ങളിലേക്ക് വാക്സിനെടുത്തിട്ടുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം നൽകുന്നതെന്നാണ് കമ്മിറ്റി അറിയിച്ചിരിക്കുന്നത്:

  • ഷോപ്പിംഗ് മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ.
  • റെസ്റ്ററന്റുകൾ, കഫെ.
  • ജിം.
  • വിനോദ കേന്ദ്രങ്ങൾ.
  • കായികവിനോദ കേന്ദ്രങ്ങൾ.
  • വാണിജ്യ കേന്ദ്രങ്ങൾക്ക് പുറത്തുള്ള ചില്ലറവില്പനശാലകൾ. (ഫാർമസി, ചെറുകിട സൂപ്പർമാർക്കറ്റുകൾ എന്നിവയ്ക്ക് ബാധകമല്ല)
  • ഹെൽത്ത് ക്ലബ്.
  • റിസോർട്ട്.
  • മ്യൂസിയം, മറ്റു സാംസ്‌കാരിക കേന്ദ്രങ്ങൾ.
  • തീം പാർക്കുകൾ.
  • യൂണിവേഴ്സിറ്റികൾ, പഠനകേന്ദ്രങ്ങൾ.
  • സ്കൂൾ, നഴ്സറി.

ഈ തീരുമാനം എമിറേറ്റിലെ ഫാർമസികൾ, ചെറുകിട സൂപ്പർമാർക്കറ്റുകൾ എന്നിവയ്ക്ക് ബാധകമാക്കിയിട്ടില്ലെന്ന് കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു.

Cover Photo: Abu Dhabi Media Office.