അബുദാബി: ഹോം ക്വാറന്റീനിലുള്ളവർക്ക് സെപ്റ്റംബർ 19 മുതൽ റിസ്റ്റ് ബാൻഡ് ഒഴിവാക്കുന്നു

UAE

എമിറേറ്റിൽ ഹോം ക്വാറന്റീനിലുള്ളവർക്ക് 2021 സെപ്റ്റംബർ 19, ഞായറാഴ്ച്ച മുതൽ റിസ്റ്റ് ബാൻഡ് ആവശ്യമില്ലെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. എമിറേറ്റിലെത്തുന്ന ഹോം ക്വാറന്റീൻ ആവശ്യമാകുന്ന അന്താരാഷ്ട്ര യാത്രികർ, COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർ എന്നീ വിഭാഗങ്ങൾക്കാണ് റിസ്റ്റ് ബാൻഡ് ഒഴിവാക്കിക്കൊണ്ടുള്ള ഹോം ക്വാറന്റീൻ നടപ്പിലാക്കുന്നത്.

എന്നാൽ COVID-19 പോസിറ്റീവ് ആയവർക്ക് ഈ തീരുമാനം ബാധകമല്ലെന്നും, ഇവർ ഐസൊലേഷൻ കാലയളവിൽ കൈകളിൽ റിസ്റ്റ് ബാൻഡ് ധരിക്കണമെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബർ 18, ശനിയാഴ്ച്ചയാണ് കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.

എമിറേറ്റിലെ COVID-19 രോഗവ്യാപനത്തിന്റെ നിരക്കിൽ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലും, പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം ഗ്രീൻ പാസ് ഉപയോഗിച്ച് നിയന്ത്രിച്ചിട്ടുള്ളതുമായ സാഹചര്യത്തിലാണ് ഈ തീരുമാനം. ക്വാറന്റീനിലുള്ളവർ എല്ലാ സുരക്ഷാ നിബന്ധനകളും, ടെസ്റ്റിംഗ് നിർദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ അറ്റോർണി ജനറൽ തലത്തിൽ നടപടികൾക്ക് ശുപാർശ ചെയ്യുമെന്നും കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

മറ്റു എമിറേറ്റുകളിൽ നിന്നെത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന നിബന്ധനകളിൽ 2021 സെപ്റ്റംബർ 19, ഞായറാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.