ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അബുദാബി കിരീടാവകാശി H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തി. 2024 സെപ്റ്റംബർ 8, ഞായറാഴ്ചയാണ് അദ്ദേഹം ന്യൂ ഡൽഹിയിലെത്തിയത്.
വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പിയുഷ് ഗോയൽ സ്വാഗതം ചെയ്തു.

ഇന്ത്യയിലെത്തിയ അബുദാബി കിരീടാവകാശിയെ ഉപചാരപൂർവം ചുവന്ന പരവതാനി വിരിച്ചാണ് സ്വാഗതം ചെയ്തത്. ഇതിന്റെ ഭാഗമായി ഇന്ത്യയുടേയും, യു എ ഇയുടെയും ദേശീയ ഗാനങ്ങൾ ആലപിച്ചു.

തുടർന്ന് അബുദാബി കിരീടാവകാശി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.

ഇതിനെത്തുടർന്ന് ഭാരതത്തിന്റെ സാംസ്കാരികത്തനിമ, പൈതൃകം എന്നിവ വിളിച്ചോതുന്ന പരമ്പരാഗത സാംസ്കാരിക, കലാപരിപാടികൾ അരങ്ങേറി.
ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നതാണ്. മറ്റു ഉന്നത ഇന്ത്യൻ ഉദ്യോഗസ്ഥരുമായും അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, ബിസിനസ് മേഖലയിലെ പ്രമുഖർ എന്നിവർ ഉൾപ്പെടുന്ന ഒരു പ്രതിനിധിസംഘം ഇന്ത്യൻ സന്ദർശനവേളയിൽ അബുദാബി കിരീടാവകാശിയെ അനുഗമിക്കുന്നുണ്ട്.
WAM [Cover Image: Abu Dhabi Media Office.]