അബുദാബി കിരീടാവകാശിയും, യു എ ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദുബായ് എക്സ്പോ 2020 വേദിയിലെ സൗദി അറേബ്യയുടെ പവലിയൻ സന്ദർശിച്ചു. 2021 ഒക്ടോബർ 7-നാണ് അദ്ദേഹം സൗദി പവലിയൻ സന്ദർശിച്ചത്.
സൗദി പവലിയനിലെത്തിയ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിനെ സൗദി അറേബ്യയിലെ ക്യാബിനറ്റ് അംഗവും, സഹമന്ത്രിയുമായ H.R.H. പ്രിൻസ് തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ്, മറ്റു ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു. സൗദി ജനത, പ്രകൃതി, പൈതൃകം, അവസരങ്ങൾ എന്നിങ്ങനെ നാല് പ്രധാന സ്തംഭങ്ങളിലൂടെ സന്ദർശകർക്ക് രാജ്യത്തെ അടുത്തറിയാനാകുന്ന രീതിയിൽ ഒരുക്കിയിട്ടുള്ള സൗദി പവലിയൻ സന്ദർശനത്തിലൂടെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സൗദി അറേബ്യ മുന്നോട്ട് വെക്കുന്ന ഭാവിയെക്കുറിച്ചുള്ള പ്രചോദനാത്മകമായ കാഴ്ചപ്പാടുകളും, അതിശയകരമായ പദ്ധതികളും നേരിട്ട് കണ്ടറിഞ്ഞു.
പവലിയനിലെ യുവ സൗദി സംഘാടകർ അതിന്റെ വിഭാഗങ്ങൾ, ഘടകങ്ങൾ, നൂതന സംവേദനാത്മക വിഷ്വൽ സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ച് അദ്ദേഹത്തോട് വിശദീകരിച്ചു. സൗദി അറേബ്യയുടെ സുപ്രധാന വികസനം, സമൃദ്ധി, പുരാതന ചരിത്രം, പ്രചോദനാത്മകമായ പദ്ധതികൾ, അഭിലാഷമായ ഭാവി ദർശനം എന്നിവ അടിവരയിടുന്ന സമ്പന്നവും നൂതനവുമായ ഉള്ളടക്കം പ്രദർശിപ്പിക്കുന്ന ഈ പവലിയൻ സന്ദർശിച്ചതിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സന്തോഷം പ്രകടിപ്പിച്ചു.
ഈ പവലിയനിൽ ജോലി ചെയ്യുകയും, വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ സ്വീകരിക്കുകയും ചെയ്യുന്ന സൗദി ജീവനക്കാരെ അദ്ദേഹം അഭിനന്ദിച്ചു. നൂതനമായ ആശയങ്ങൾ മുന്നോട്ട് വെക്കുന്നതിൽ സൗദി യുവാക്കൾ മികവ് പുലർത്തുന്നതായും, ഇവർ സൗദി അറേബ്യയെക്കുറിച്ച് ലോകത്തിന് മുന്നിൽ മാന്യവും, തിളക്കമാർന്നതുമായ ഒരു പ്രതിച്ഛായ അവതരിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപപ്രധാനമന്ത്രിയും, പ്രെസിഡെൻഷ്യൽ അഫയേഴ്‌സ് വകുപ്പ് മന്ത്രിയുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, മറ്റു നിരവധി മന്ത്രിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഷെയ്ഖ് മുഹമ്മദിനൊപ്പം അനുഗമിച്ചു.
13,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള സൗദി പവലിയൻ ഓപ്പർച്യൂണിറ്റി ഡിസ്ട്രിക്റ്റിലാണ് സ്ഥിതിചെയ്യുന്നത്. എക്സ്പോ 2020 ദുബായ് സൈറ്റിലെ രണ്ടാമത്തെ വലിയ പവലിയനാണ് ഇത്. ഭൂമിക്ക് മുകളിൽ ആറ് നിലകളിൽ ഉയർന്ന് നിൽക്കുന്ന ഈ പവലിയൻ സന്ദർശകർക്ക് മുന്നിൽ സൗദിയുടെ പുരാതന സംസ്കാരവും, പൈതൃകവും, അതിന്റെ പ്രകൃതിദൃശ്യത്തിന്റെ അത്ഭുതങ്ങളും, അതിന്റെ വർത്തമാന, ഭാവി അഭിലാഷങ്ങൾ തേടിയുള്ള ദ്രുതഗതിയിലുള്ള സഞ്ചാരവും അനുഭവവേദ്യമാക്കുന്നു.
യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായിലെ സൗദി അറേബ്യയുടെയും, ഒമാന്റെയും പവലിയനുകൾ നേരത്തെ സന്ദർശിച്ചിരുന്നു.
WAM