എമിറേറ്റിൽ നിന്ന് പുതിയ പുരാവസ്‌തു അവശേഷിപ്പുകൾ കണ്ടെത്തിയതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിപ്പ് നൽകി. 2023 ജൂൺ 16-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ഇതിന്റെ ഭാഗമായി ഇരുമ്പ് യുഗം, പ്രീ-ഇസ്ലാമിക് കാലഘട്ടം എന്നിവയിൽ നിന്നുള്ള ചരിത്ര അവശേഷിപ്പുകൾ, ആർക്കിയോളജിക്കൽ സൈറ്റുകൾ തുടങ്ങിയവ അബുദാബിയിൽ കണ്ടെത്തിയിട്ടുണ്ട്. ഏതാണ്ട് 1300 ബിസി കാലഘട്ടം മുതൽ 600 സിഇ കാലഘട്ടം വരെയുള്ള അവശേഷിപ്പുകളാണിവ.
ഇതിൽ അൽ ഐനിലെ കുവൈറ്ററ്റ് മേഖലയിലെ ഷാബിയാ പ്രദേശത്ത് നിന്ന് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിലാണ് 300 ബിസി – 300 സിഇ കാലഘട്ടത്തോളം പഴക്കം സംശയിക്കുന്ന ഒരു പ്രീ-ഇസ്ലാമിക് സെമിത്തേരി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നടത്തിയ ഉല്‍ഖനനപ്രവർത്തനങ്ങളിൽ ഇരുപതോളം കല്ലറകൾ കണ്ടെത്തിയതായി DCT അറിയിച്ചു.
ഇതിന് പുറമെ ഇവിടെ നിന്ന് മൺപാത്രങ്ങൾ, കാതുകളോട് കൂടിയ വലിയ മൺപാത്രം, വെങ്കല കോപ്പകൾ, സ്‌ഫടികപാത്രങ്ങൾ, വെണ്‍കല്ല് കൊണ്ട് നിർമ്മിച്ച പാത്രങ്ങൾ മുതലായവ കണ്ടെത്തിയിട്ടുണ്ട്. ഇരുമ്പ് കൊണ്ട് നിർമ്മിച്ച അമ്പ്, കുന്തം, വാളുകൾ തുടങ്ങിയ ആയുധങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ എഴുപത് സെന്റിമീറ്ററോളം നീളമുള്ള ഒരു വാൾ ഒട്ടുംതന്നെ കോട്ടം തട്ടാതെയാണ് കണ്ടെത്തിയിരിക്കുന്നത്.
സമീപ പ്രദേശത്ത് ഇതേ കാലഘട്ടത്തിൽ തന്നെ നിലനിന്നിരുന്ന ഒരു അധിവസിതദേശത്തിന്റെ സാധ്യതയിലേക്കാണ് ഈ സെമിത്തേരി വിരൽചൂണ്ടുന്നത്. ഈ മേഖലയിൽ നിന്ന് കണ്ടെത്തിയിട്ടുള്ള പരമ്പരാഗത രീതിയിൽ പണിതീർത്തിട്ടുള്ള ജലസേചനത്തിനുള്ള ചാലുകൾ (അഫ്ലാജ്) ഈ സാധ്യതയ്ക്ക് ബലമേകുന്നു.
Cover Image: Abu Dhabi Media Office.