അബുദാബി: എക്സ്പ്രസ്സ് PCR പരിശോധനകളുടെ നിരക്കുകൾ ക്രമീകരിക്കാൻ തീരുമാനിച്ചതായി DoH

GCC News

എമിറേറ്റിലെ എക്സ്പ്രസ്സ് PCR പരിശോധനകളുടെ നിരക്കുകൾ ക്രമീകരിക്കാൻ ആരോഗ്യ പരിചണ കേന്ദ്രങ്ങൾക്ക് നിർദ്ദേശം നൽകിയതായി അബുദാബി ഡിപ്പാർട്മെൻറ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു. ഇതോടൊപ്പം എമിറേറ്റിലെ മുഴുവൻ ആരോഗ്യ പരിചരണ കേന്ദ്രങ്ങളോടും DoH നിശ്ചയിച്ചിട്ടുള്ള നിരക്കിൽ മാത്രം COVID-19 PCR ടെസ്റ്റുകൾ നടത്തുന്നതിനും DoH ആവശ്യപ്പെട്ടിട്ടുണ്ട്. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

എമിറേറ്റിലെ COVID-19 PCR ടെസ്റ്റുകളുടെ നിരക്ക് 65 ദിർഹമാക്കി നിജപ്പെടുത്തിയതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) 2021 ഓഗസ്റ്റ് 7-ന് അറിയിച്ചിരുന്നു. സാധാരണ COVID-19 PCR ടെസ്റ്റുകളുടെ ഫലം ലഭിക്കുന്നതിന് കൂടുതൽ സമയം വേണ്ടിവരുന്നതിനാൽ, അത്യാവശ്യമായ സാഹചര്യങ്ങളിൽ വേഗത്തിൽ ടെസ്റ്റ് റിസൾട്ട് ആവശ്യമായിവരുന്നവർക്കായി എമിറേറ്റിൽ രണ്ട് തരത്തിലുള്ള എക്സ്പ്രസ്സ് PCR പരിശോധനകൾ ലഭ്യമാണ്. ഇത്തരം ടെസ്റ്റുകളുടെ നിരക്കുകൾ DoH അറിയിച്ചിട്ടുണ്ട്.

ഒന്ന് മുതൽ രണ്ട് മണിക്കൂറിനിടയിൽ ഫലം ലഭിക്കുന്ന എക്സ്പ്രസ്സ് PCR പരിശോധനകൾക്ക് 350 ദിർഹം, രണ്ട് മുതൽ അഞ്ച് മണിക്കൂറിനിടയിൽ ഫലം ലഭിക്കുന്ന എക്സ്പ്രസ്സ് PCR പരിശോധനകൾക്ക് 250 ദിർഹം എന്നിങ്ങനെയാണ് DoH നിരക്കുകൾ നിശ്ചയിച്ചിട്ടുള്ളത്. രോഗലക്ഷണങ്ങളില്ലാത്തവർക്ക് നടത്തുന്ന PCR പരിശോധനകളുടെ ചെലവ് ഉപഭോക്താവ് വഹിക്കേണ്ടതാണ്. മറിച്ചുള്ള സാഹചര്യങ്ങളിൽ ഇത്തരം ചെലവുകൾ സർക്കാർ പദ്ധതികളിൽ നിന്ന് നൽകുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.

ഇതിനുപുറമെ, വീടുകളിൽ നിന്ന് PCR ടെസ്റ്റുകൾ നടത്തുന്നതിനുള്ള സേവനവും, ഒരു നിശ്ചിത ഫീ ഇടാക്കിക്കൊണ്ട്, DoH നൽകുന്നുണ്ട്.

WAM