അബുദാബി: COVID-19 വാക്സിനേഷൻ യത്നത്തിൽ പങ്കാളികളാകാൻ നിവാസികളോട് DoH ആഹ്വാനം; 100-ൽ പരം വാക്സിനേഷൻ കേന്ദ്രങ്ങൾ

UAE

എമിറേറ്റിലെ പൗരന്മാരോടും, പ്രവാസികളോടും COVID-19 വാക്സിനേഷൻ യത്നത്തിൽ പങ്കാളികളാകാൻ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) ആഹ്വാനം ചെയ്തു. വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കുന്നതിനായി, മുൻ‌കൂർ അനുമതികൾ ലഭിക്കുന്നതിനായുള്ള ബുക്കിംഗ് നടപടികൾ പൂർത്തിയാക്കുന്നതിനും DOH പൊതുസമൂഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മാർച്ച് 21-നാണ് അബുദാബി DOH ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി എമിറേറ്റിൽ 100-ൽ പരം വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജമാണെന്നും DOH കൂട്ടിച്ചേർത്തു.

2021 മാർച്ച് 21, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും, പ്രായപരിധി കണക്കിലെടുക്കാതെ, COVID-19 വാക്സിൻ കുത്തിവെപ്പ് ലഭ്യമാക്കുമെന്നുള്ള യു എ ഇ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തെത്തുടർന്നാണ് അബുദാബി DOH ജനങ്ങളോട് വാക്സിനേഷൻ യത്നത്തിൽ പങ്കാളികളാകാൻ ആഹ്വാനം ചെയ്തത്. മാർച്ച് 21 മുതൽ രാജ്യത്തെ 16 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ നിവാസികൾക്കും സൗജന്യ വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള മുൻ‌കൂർ അനുമതികൾ ബുക്ക് ചെയ്യുന്നതിന് അവസരം നൽകുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

“യു എ ഇ ആരോഗ്യ മന്ത്രാലയത്തിന്റെ വാക്സിനേഷൻ പദ്ധതിപ്രകാരം, എമിറേറ്റിലെ മുഴുവൻ പൗരന്മാരോടും, പ്രവാസികളോടും വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള മുൻ‌കൂർ ബുക്കിംഗ് പൂർത്തിയാക്കാൻ ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് ആഹ്വാനം ചെയ്യുന്നു. എമിറേറ്റിൽ 100-ൽ പരം വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ഏത് കേന്ദ്രത്തിൽ നിന്ന് വേണമെങ്കിലും കുത്തിവെപ്പിനായി ബുക്ക് ചെയ്യാവുന്നതാണ്. എമിറേറ്റിലെ വാക്സിനേഷൻ കേന്ദ്രങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ https://www.doh.gov.ae/en/covid-19/national-vaccination എന്ന വിലാസത്തിൽ ലഭ്യമാണ്.”, DOH പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.