അബുദാബി: ഏതാനം വിഭാഗങ്ങൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പെടുക്കുന്നതിൽ ഇളവ് അനുവദിക്കാൻ തീരുമാനം

UAE

ഏഴ് വിഭാഗങ്ങളിൽ പെടുന്നവർക്ക് യു എ ഇയിൽ നിന്ന് COVID-19 വാക്സിൻ കുത്തിവെപ്പെടുക്കുന്നതിൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) വ്യക്തമാക്കി. ഈ ഇളവ് ലഭിക്കേണ്ടവർ ഇതിനായി പ്രത്യേക അപേക്ഷകൾ നൽകേണ്ടതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റിയുമായി സംയുക്തമായാണ് DoH ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടിട്ടുള്ളത്. ചൊവ്വാഴ്ച്ചയാണ് DoH ഇക്കാര്യം അറിയിച്ചത്.

താഴെ പറയുന്ന വിഭാഗങ്ങൾക്കാണ് COVID-19 വാക്സിൻ കുത്തിവെപ്പെടുക്കുന്നതിൽ ഇളവ് ലഭിക്കാൻ അപേക്ഷിക്കാനാകുന്നത്:

  • മറ്റു രാജ്യങ്ങളിൽ നിന്ന് COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർ.
  • COVID-19 വാക്സിൻ ക്ലിനിക്കൽ ട്രയലിൽ പങ്കെടുത്തവർ.
  • ഗർഭിണികൾ.
  • COVID-19 രോഗബാധിതർ.
  • COVID-19 രോഗമുക്തർ.
  • COVID-19 വാക്സിനിലടങ്ങിയിട്ടുള്ള ഘടകങ്ങളോട് രൂക്ഷമായ അലർജി പോലുള്ള പ്രശ്നങ്ങളുള്ളവർ.
  • COVID-19 വാക്സിൻ സ്വീകരിക്കാനാകാത്ത മറ്റു ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവർ.

ഈ വിഭാഗങ്ങളിൽ പെടുന്നവർക്ക് ഇളവിനായി അപേക്ഷിക്കാവുന്നതാണ്. കൃത്യമായ ആരോഗ്യ പരിശോധനകൾക്ക് ശേഷമാണ് ഈ ഇളവ് അനുവദിക്കുക എന്ന് DoH വ്യക്തമാക്കിയിട്ടുണ്ട്. ഈ ഇളവ് നേടാൻ ആഗ്രഹിക്കുന്നവർ അബുദാബിയിൽ ഇതിനായി പ്രത്യേക അംഗീകാരം നൽകിയിട്ടുള്ള മെഡിക്കൽ കേന്ദ്രങ്ങളിൽ ആരോഗ്യ പരിശോധനകൾക്ക് എത്തേണ്ടതാണെന്നും DoH അറിയിച്ചു.

പരിശോധനകൾക്ക് ശേഷം അപേക്ഷകരുടെ മെഡിക്കൽ റിപ്പോർട്ടുകൾ ഈ കേന്ദ്രങ്ങളിൽ നിന്ന് DoH അംഗീകാരത്തിനായി നേരിട്ട് കൈമാറുന്നതാണ്. വാക്സിൻ സ്വീകരിക്കുന്നതിൽ DoH ഇളവ് അംഗീകരിക്കുന്നവർക്ക് ഇത് സംബന്ധമായ ഒരു സന്ദേശം SMS മുഖേന ലഭിക്കുന്നതാണ്. COVID-19 വാക്സിൻ കുത്തിവെപ്പെടുക്കുന്നതിൽ ഇളവ് അനുവദിക്കപ്പെട്ടതിന്റെ രേഖ ഇവരുടെ ‘Alhosn’ ആപ്പിൽ ലഭിക്കുന്നതാണെന്നും DoH അറിയിച്ചു.