അബുദാബി: വിദ്യാലയങ്ങളിൽ ജനുവരി 17 മുതൽ ഒരാഴ്ച്ചത്തേക്ക് വിദൂര വിദ്യാഭ്യാസ രീതി നടപ്പിലാക്കാൻ തീരുമാനം

UAE

എമിറേറ്റിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2022 ജനുവരി 17 മുതൽ ഒരാഴ്ച്ചത്തേക്ക് വിദൂര പഠനരീതി നടപ്പിലാക്കുമെന്ന് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി വ്യക്തമാക്കി. എമിറേറ്റിലെ വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളെ സുരക്ഷിതരായി തിരികെയെത്തിക്കുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ പൂർത്തിയാക്കുന്നതിന് സാവകാശം നൽകുന്നതിനായാണ് ഇത്തരം ഒരു തീരുമാനം.

2022 ജനുവരി 12-ന് വൈകീട്ടാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. 2022 ജനുവരി 17 മുതൽ ഒരാഴ്ച്ചത്തേക്ക് വിദൂര പഠനരീതി നടപ്പിലാക്കാനുള്ള ഈ തീരുമാനം അബുദാബിയിലെ എല്ലാ പൊതു, സ്വകാര്യ വിദ്യാലയങ്ങൾക്കും ബാധകമാണ്.

ഇതിന് പുറമെ, എമിറേറ്റിലെ യൂണിവേഴ്സിറ്റികൾ, കോളേജുകൾ, ട്രെയിനിങ്ങ് സ്ഥാപനങ്ങൾ എന്നിവയ്ക്കും ഈ തീരുമാനം ബാധകമാണ്. അബുദാബിയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുതിയ സ്കൂൾ ടേമിൻ്റെ ആദ്യ രണ്ടാഴ്ച്ച വിദൂര പഠനരീതിയാണ് നടപ്പിലാക്കിയിരുന്നത്.

രാജ്യത്തെ വിദ്യാലയങ്ങളിലും, സർവ്വകലാശാലകളിലും 2022 ജനുവരി 17 മുതൽ ജനുവരി 21 വരെ വിദൂര വിദ്യാഭ്യാസ രീതി തുടരാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.