അബുദാബി ഗ്ലോബൽ ഹെൽത്ത്കെയർ വീക്കിന്റെ ആദ്യ പതിപ്പ് 2024 മെയ് 13, തിങ്കളാഴ്ച ആരംഭിച്ചു. അബുദാബി കിരീടാവകാശിയും, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഈ പ്രദർശനം ഉദ്ഘാടനം ചെയ്തത്.
ഉദ്‌ഘാടനത്തിന് ശേഷം അദ്ദേഹം ഈ പ്രദർശനത്തിലെ വിവിധ പവലിയനുകൾ സന്ദർശിച്ചു.
അബുദാബി ഗ്ലോബൽ ഹെൽത്ത്കെയർ വീക്ക് മെയ് 15 വരെ നീണ്ട് നിൽക്കും. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് സംഘടിപ്പിക്കുന്ന ഈ പരിപാടി ആഗോള ആരോഗ്യ പരിചരണ മേഖലയുടെ ഭാവി ത്വരിതപ്പെടുത്തുക എന്ന ആശയം ഉൾക്കൊണ്ടാണ് ഒരുക്കുന്നത്.
അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) വെച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ആരോഗ്യ പരിചരണ മേഖലയിലെ പ്രമുഖ കമ്പനികൾ, ഗവേഷകർ, നയരൂപീകരണം സംബന്ധിച്ച തീരുമാനമെടുക്കുന്ന പദവികളിലുള്ള വ്യക്തികൾ, നിക്ഷേപകർ, വ്യവസായികൾ തുടങ്ങിയവർ അബുദാബി ഗ്ലോബൽ ഹെൽത്ത്കെയർ വീക്കിൽ പങ്കെടുക്കുന്നുണ്ട്.
ആരോഗ്യ, ജീവ ശാസ്ത്ര മേഖലകളുടെ ഭാവി ത്വരിതപ്പെടുത്തുന്നതിനൊപ്പം ഭാവിയിലെ ഈ മേഖലകളിലെ പ്രതിബന്ധങ്ങളെ ഇന്ന് തന്നെ തിരിച്ചറിയുന്നതിനും, അവയ്ക്ക് ആവശ്യമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും ഈ സമ്മേളനം പ്രതിജ്ഞാബദ്ധമാണ്. പ്യുവർഹെൽത്ത്, ജോൺസൻ ആൻഡ് ജോൺസൻ, മൈക്രോസോഫ്ട്, ബുർജീൽ ഹോൾഡിങ്‌സ്, ജിഎസ്കെ, നൊവാർട്ടീസ്, വിയട്രിസ്, സനോഫി തുടങ്ങിയ വിവിധ കമ്പനികൾ ഈ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.
ഹെൽത്ത് ലീഡേഴ്‌സ് ഫോറം, ഫ്യുചർ ഹെൽത്ത് സമ്മിറ്റ്, യങ്ങ് ലീഡേഴ്‌സ് ഇനിഷിയേറ്റീവ്, അബുദാബി ഗ്ലോബൽ ഹെൽത്ത്കെയർ വീക്ക് എക്സിബിഷൻ തുടങ്ങിയ വിവിധ പരിപാടികൾ ഇതിന്റെ ഭാഗമായി അരങ്ങേറുന്നതാണ്.
Cover Image: Abu Dhabi Media Office.