അബുദാബി: വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 14 ദിവസം കൂടുമ്പോൾ PCR ടെസ്റ്റ് നടത്താൻ നിർദ്ദേശം

UAE

എമിറേറ്റിലെ ഭക്ഷണശാലകൾ, ചില്ലറ വില്പന ശാലകൾ മുതലായ ഇടങ്ങളിലെ മുഴുവൻ ജീവനക്കാർക്കും 14 ദിവസം കൂടുമ്പോൾ COVID-19 PCR ടെസ്റ്റ് നടത്താൻ നിർദ്ദേശിച്ച് കൊണ്ട് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡവലപ്പ്മെന്റ് (ADDED) വിജ്ഞാപനം പുറത്തിറക്കി. COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിട്ടുള്ള ജീവനക്കാരെ ഈ പരിശോധനയിൽ നിന്ന് ഒഴിവാക്കിയതായും ADDED വ്യക്തമാക്കിയിട്ടുണ്ട്.

“എമിറേറ്റിലെ വാണിജ്യ സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാർക്കും ഓരോ 14 ദിവസത്തെ ഇടവേളകളിലും COVID-19 PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഇതിന്റെ ഫീസ് വാണിജ്യ സ്ഥാപന ഉടമകൾ വഹിക്കേണ്ടതാണ്. COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിട്ടുള്ള ജീവനക്കാർക്ക് മാത്രം ഈ തീരുമാനത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി വാക്സിൻ ലഭ്യമാണ്.”, ADDED പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

അബുദാബിയിലെ റെസ്റ്ററന്റുകൾ, കഫേ, സൂപ്പർ മാർക്കറ്റ്, ഗ്രോസറി, ബേക്കറി, മാംസ വ്യാപാരശാലകൾ, പഴം, പച്ചക്കറി വ്യാപാരം, മാളുകൾ, മറ്റു വാണിജ്യകേന്ദ്രങ്ങൾ എന്നിവയ്ക്ക് ഈ തീരുമാനം ബാധകമാണ്.