റമദാൻ: ഷോപ്പിംഗുമായി ബന്ധപ്പെട്ട് അബുദാബിയിൽ പാലിക്കേണ്ടതായ COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ

UAE

ഈ വർഷത്തെ റമദാനിൽ ഷോപ്പിംഗുമായി ബന്ധപ്പെട്ട് എമിറേറ്റിൽ ബാധകമാക്കിയിട്ടുള്ള COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് അബുദാബി എമെർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിപ്പ് നൽകി. റമദാൻ മാസത്തിൽ എമിറേറ്റിലെ വിവിധ മേഖലകളിൽ നടപ്പിലാക്കുന്ന COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് നൽകിയ അറിയിപ്പിലാണ് ഷോപ്പിംഗുമായി ബന്ധപ്പെട്ട് പാലിക്കേണ്ടതായ സുരക്ഷാ മാനദണ്ഡങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

ഷോപ്പിംഗുമായി ബന്ധപ്പെട്ട് അബുദാബിയിൽ പാലിക്കേണ്ടതായ COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ:

  • ഗ്രോസറി സ്റ്റോറുകൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ കഴിയുന്നതും ഒഴിവാക്കേണ്ടതാണ്. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ ഇത്തരം യാത്രകൾക്കായി തിരക്കൊഴിഞ്ഞ നേരങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
  • വാണിജ്യ കേന്ദ്രങ്ങളിലെ ട്രോളികളുടെ ഹാൻഡിൽ സ്പർശിക്കുന്നതിന് മുൻപായി അവ അണുവിമുക്തമാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. വ്യാപാര ശാലകളിൽ നിങ്ങൾ വാങ്ങാൻ ഉദ്ദേശമില്ലാത്ത സാധനങ്ങൾ കൈകൾ കൊണ്ട് സ്പർശിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
  • പണമിടപാടുകൾക്കായി കഴിയുന്നതും ഡിജിറ്റൽ രീതികൾ പിന്തുടരേണ്ടതാണ്.
  • രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനായി പോഷക സമ്പുഷ്ടമായതും, ആരോഗ്യപരമായതുമായ ആഹാരശീലങ്ങൾ പാലിക്കേണ്ടതാണ്. ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
  • കഴിയുന്നതും ഓൺലൈൻ ഷോപ്പിംഗ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കേണ്ടതാണ്.
  • വീടുകളിലെത്തിയ ശേഷം വാങ്ങിച്ച സാധനങ്ങൾ ടിഷ്യു ഉപയോഗിച്ച് അണുവിമുക്തമാക്കേണ്ടതാണ്.
  • പ്രായമായവർ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നിവർ ഇത്തരം ഷോപ്പിംഗ് യാത്രകൾ ഒഴിവാക്കേണ്ടതാണ്.

ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൊതുസമൂഹത്തോട് അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ കർശനമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിയമലംഘകർക്കെതിരെ അറ്റോർണി ജനറൽ തലത്തിൽ നടപടികൾ സ്വീകരിക്കുന്നതാണ്.