റമദാൻ: സാമൂഹിക ചടങ്ങുകൾ, പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അബുദാബിയിൽ പാലിക്കേണ്ടതായ COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ

UAE

ഈ വർഷത്തെ റമദാനിൽ സാമൂഹിക ചടങ്ങുകൾ, പ്രവർത്തനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് എമിറേറ്റിൽ ബാധകമാക്കിയിട്ടുള്ള COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് അബുദാബി എമെർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിപ്പ് നൽകി. റമദാൻ മാസത്തിൽ എമിറേറ്റിലെ വിവിധ മേഖലകളിൽ നടപ്പിലാക്കുന്ന COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് നൽകിയ അറിയിപ്പിലാണ് സാമൂഹിക ചടങ്ങുകൾ, പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പാലിക്കേണ്ടതായ സുരക്ഷാ മാനദണ്ഡങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

സാമൂഹിക ചടങ്ങുകൾ, പ്രവർത്തനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് അബുദാബിയിൽ പാലിക്കേണ്ടതായ COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ:

  • റമദാനിൽ പരസ്പരം ആശംസകൾ അറിയിക്കുന്നതിനായി ഡിജിറ്റൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തേണ്ടതാണ്. ഇത്തരം കാര്യങ്ങൾക്കായുള്ള ഒത്ത് ചേരലുകൾ ഒഴിവാക്കേണ്ടതാണ്.
  • വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്ക് ഇഫ്താർ ടെന്റുകൾ ഒരുക്കുന്നതിന് അനുമതിയില്ല.
  • ഷോപ്പിംഗിനായി കഴിയുന്നതും ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുന്നത് ആൾത്തിരക്ക് ഒഴിവാക്കാൻ സഹായിക്കുന്നതാണ്.
  • എളുപ്പത്തിൽ രോഗം ബാധിക്കാൻ സാധ്യതയുള്ളവർ എല്ലാത്തരത്തിലുള്ള ഒത്ത് ചേരലുകളിൽ നിന്നും വിട്ട് നിൽക്കേണ്ടതാണ്.
  • ആളുകൾ വലിയ രീതിയിൽ ഒത്ത് ചേരുന്നതും, സാമൂഹിക സന്ദർശങ്ങൾ, ഇഫ്താർ സംഗമങ്ങൾ മുതലായവ സംഘടിപ്പിക്കുന്നതിനും അനുമതിയില്ല.
  • ബന്ധുക്കൾ, അയൽവാസികൾ, സ്നേഹിതർ എന്നിവർ തമ്മിൽ ഭക്ഷണപദാർത്ഥങ്ങൾ വിതരണം ചെയ്യുന്നതിന് അനുമതിയില്ല.
  • റമദാനിൽ രാത്രിസമയങ്ങളിൽ മജ്‌ലിസുകളിൽ ഒത്ത് ചേരുന്നത് ഒഴിവാക്കേണ്ടതാണ്.

ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൊതുസമൂഹത്തോട് അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ കർശനമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിയമലംഘകർക്കെതിരെ അറ്റോർണി ജനറൽ തലത്തിൽ നടപടികൾ സ്വീകരിക്കുന്നതാണ്.