വാക്സിൻ പരീക്ഷണങ്ങൾ പങ്കെടുക്കുന്ന സന്നദ്ധസേവകർക്ക് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള ഏറ്റവും പുതിയ നിർദ്ദേശങ്ങൾ

GCC News

യു എ ഇയിൽ നടന്ന് കൊണ്ടിരിക്കുന്ന COVID-19 വാക്സിൻ ഫേസ് 3 ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായോ, ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായോ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിട്ടുള്ളവർക്ക് എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങൾ അബുദാബി ക്രൈസിസ്, എമെർജൻസിസ്‌ ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി പുറത്തിറക്കി. നവംബർ 25, ബുധനാഴ്ച്ചയാണ് കമ്മിറ്റി ഈ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്.

ഫേസ് 3 ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് ആദ്യ ഡോസ് വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നത് മുതൽ ഈ നിർദേശങ്ങൾ ബാധകമാകുന്നതാണ്. അതേ സമയം, ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിട്ടുള്ളവർക്ക് രണ്ടാം ഡോസ് വാക്സിൻ ലഭിച്ച് 28 ദിനങ്ങൾക്ക് ശേഷമാണ് ഈ നിർദേശങ്ങൾ പ്രാബല്യത്തിൽ വരുന്നത്.

ഫേസ് 3 ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി വാക്സിൻ സ്വീകരിച്ചിട്ടുള്ളവരെ തിരിച്ചറിയുന്നതിനായി, അൽ ഹൊസൻ ആപ്പിലെ സ്വർണ്ണ നിറത്തിലുള്ള ഒരു നക്ഷത്ര ചിഹ്ന സ്റ്റാറ്റസാണ് ഉപയോഗിക്കുന്നതെന്നും കമ്മിറ്റി അറിയിച്ചു. ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിട്ടുള്ളവർക്ക് അൽ ഹൊസൻ ആപ്പിൽ ചുവന്ന വൃത്തത്തിനകത്ത് ‘E’ എന്നുള്ള ചിഹ്നമാണ് ഉപയോഗിക്കുന്നത്.

ഫേസ് 3 ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്കുള്ള നിർദ്ദേശങ്ങൾ:

  • ഇത്തരക്കാർക്ക് മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് PCR, DPI ടെസ്റ്റുകൾ ആവശ്യമില്ല.
  • ഇത്തരക്കാർ വിദേശരാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ, യാത്രയ്ക്ക് മുൻപായി PCR ടെസ്റ്റ് നിർബന്ധമായും എടുക്കേണ്ടതാണ്. ഇവർക്ക് അബുദാബിയിലേക്ക് പ്രവേശിച്ച ശേഷവും PCR ടെസ്റ്റ് നിർബന്ധമാണ്. ഇത്തരം യാത്രികർക്ക് എമിറേറ്റിൽ പ്രവേശിച്ച ശേഷം ക്വാറന്റീൻ നിർബന്ധമല്ല.
  • ഇവർക്ക് രണ്ടാഴ്ച്ച തോറും PCR ടെസ്റ്റ് നിർബന്ധമാണ്.

ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്കുള്ള നിർദ്ദേശങ്ങൾ:

  • ഇത്തരക്കാർക്ക് മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് PCR, DPI ടെസ്റ്റുകൾ ആവശ്യമില്ല.
  • ഇത്തരക്കാർ വിദേശരാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ, യാത്രയ്ക്ക് മുൻപായി PCR ടെസ്റ്റ് നിർബന്ധമായും എടുക്കേണ്ടതാണ്. ഇവർക്ക് അബുദാബിയിലേക്ക് പ്രവേശിച്ച ശേഷവും, നാലാം ദിനത്തിലും, എട്ടാം ദിനത്തിലും PCR ടെസ്റ്റ് നിർബന്ധമാണ്. ഇത്തരം യാത്രികർക്ക് എമിറേറ്റിൽ പ്രവേശിച്ച ശേഷം ക്വാറന്റീൻ നിർബന്ധമല്ല.
  • ഇവർക്ക് രണ്ടാഴ്ച്ച തോറും PCR ടെസ്റ്റ് നിർബന്ധമാണ്.

വാക്സിൻ സ്വീകരിച്ചിട്ടുള്ളവരുടെ അൽ ഹൊസൻ ആപ്പിലെ സ്റ്റാറ്റസ് രണ്ടാഴ്ച്ച തോറും നടത്തുന്ന PCR ടെസ്റ്റുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.