അബുദാബി: വിനോദ കേന്ദ്രങ്ങളും, ഗെയിമിംഗ് കേന്ദ്രങ്ങളും പുനരാരംഭിക്കുന്നതിനുള്ള സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി

UAE

എമിറേറ്റിലെ വിനോദ കേന്ദ്രങ്ങൾ, ഗെയിമിംഗ് ഹാളുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED) മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. അബുദാബിയിലെ ഷോപ്പിംഗ് മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവയ്ക്കകത്തും, പുറത്തും പ്രവർത്തിക്കുന്ന ഇത്തരം വിനോദ കേന്ദ്രങ്ങൾക്ക് ഈ തീരുമാനം ബാധകമാണ്. സെപ്റ്റംബർ 23-നാണ് ADDED ഇക്കാര്യം അറിയിച്ചത്.

കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായാണ് ഇത്തരം കേന്ദ്രങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകുന്നത്. സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള, അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് കമ്മിറ്റിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഇത്തരം കേന്ദ്രങ്ങൾക്ക് പ്രവർത്തനാനുമതി നൽകാനുള്ള തീരുമാനം.

ഇത്തരം കേന്ദ്രങ്ങൾക്ക് 60 ശതമാനം ശേഷിയിലാണ് പ്രവർത്തനങ്ങൾ ആരംഭിക്കാൻ അനുമതി നൽകുന്നത്. പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിൻറെ ഭാഗമായി ഇത്തരം കേന്ദ്രങ്ങളിൽ നടപ്പിലാക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങളും ADDED നൽകിയിട്ടുണ്ട്:

  • ഇത്തരം കേന്ദ്രങ്ങളിൽ ദിനവും അണുവിമുക്തമാകുന്നതിനുള്ള നടപടികൾ ഉറപ്പാക്കേണ്ടതാണ്.
  • പണമിടപാടുകൾക്കായി കഴിയുന്നതും ഡിജിറ്റൽ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതാണ്.
  • ഇത്തരം കേന്ദ്രങ്ങളിലെത്തുന്ന മുഴുവൻ ആളുകളും 2 മീറ്റർ എങ്കിലും സമൂഹ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.
  • എല്ലാ ജീവനക്കാർക്കും COVID-19 പരിശോധനകൾ നടത്തേണ്ടതാണ്.
  • മുഴുവൻ ജീവനക്കാരുടെയും ശരീരോഷ്മാവ് കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് രേഖപ്പെടുത്തേണ്ടതാണ്.
  • മുഴുവൻ ജീവനക്കാർക്കും, ഉപഭോക്താക്കൾക്കും മാസ്കുകൾ, കയ്യുറകൾ എന്നിവ നിർബന്ധമാണ്.
  • ഇത്തരം കേന്ദ്രങ്ങളിലെ മുഴുവൻ ഉപകരണങ്ങളും, കുട്ടികൾ സ്പർശിക്കാൻ ഇടയാകുന്ന പ്രതലങ്ങൾ എന്നിവയും കൃത്യമായി അണുവിമുക്തമാക്കേണ്ടതാണ്.
  • കുട്ടികൾക്കായുള്ള പ്ലാസ്റ്റിക് ബോളുകൾ ഉപയോഗിക്കുന്ന കളിസ്ഥലങ്ങളിൽ 30 ശതമാനം പേർക്ക് മാത്രമേ ഒരേ സമയം അനുവാദം നൽകാവൂ.ഇത്തരം സ്ഥലങ്ങൾ ഓരോ മണിക്കൂർ ഇടവിട്ട് അണുവിമുക്തമാക്കേണ്ടതാണ്.
  • സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന ഹെൽമെറ്റ്, ബെൽറ്റ് മുതലായ ഉപകരണങ്ങൾ ഓരോ ഉപയോഗത്തിന് ശേഷവും അണുവിമുക്തമാക്കേണ്ടതാണ്.