എമിറേറ്റിലെ മാളുകൾക്ക് പുറത്തുള്ള ഭക്ഷണശാലകൾ സാധാരണ നിലയിൽ പ്രവർത്തനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED) മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. യു എ ഇയിലെ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റിയും, അബുദാബി ഭക്ഷ്യ സുരക്ഷാ വകുപ്പും, ADDED-ഉം ചേർന്ന് സംയുക്തമായാണ്, എമിറേറ്റിലെ റെസ്റ്ററാൻറ്റുകളും, കഫേകളും തുറന്ന് പ്രവർത്തിക്കുന്നതിന്റെ ആദ്യ പടിയായുള്ള മാർഗരേഖകൾ തയ്യാറാക്കിയിട്ടുള്ളത്. ഇത് സംബന്ധിച്ച അറിയിപ്പുകൾ ഇന്ന് (ജൂൺ 17), അബുദാബി മീഡിയ ഓഫീസ് ട്വിറ്ററിലൂടെ പുറത്ത് വിട്ടു.
COVID-19 സുരക്ഷാ നടപടികൾ പൂർണ്ണമായും കണക്കിലെടുത്താണ് ഈ നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്. നിലവിൽ ഇത്തരം സ്ഥാപനങ്ങൾക്ക് പാർസൽ സേവനങ്ങൾ നൽകുന്നതിനാണ് അനുവാദമുള്ളത്. ഇന്ന് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാകുന്നതോടെ അബുദാബിയിലെ ഭക്ഷണശാലകളിൽ ഉപഭോക്താക്കൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും, സ്ഥാപനങ്ങൾക്ക് ഭക്ഷണം വിളമ്പുന്നതിനും അനുവാദം ലഭിക്കും. പടിപടിയായി എമിറേറ്റിലെ ജീവിതം സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം.
അബുദാബിയിലെ മാളുകൾക്ക് പുറത്തുള്ള ഭക്ഷണശാലകൾ തുറന്ന് പ്രവർത്തിക്കുന്നതിനു ADDED പുറത്തിറക്കിയിട്ടുള്ള മാനദണ്ഡങ്ങൾ:
- എല്ലാ ജീവനക്കാർക്കും COVID-19 ടെസ്റ്റിംഗ് നിർബന്ധമാണ്.
- രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന ജീവനക്കാരെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് എത്തിക്കാനുള്ള സംവിധാനം ഉറപ്പാക്കണം.
- ജീവനക്കാർക്കും, ഉപഭോക്താക്കൾക്കും സ്ഥാപനങ്ങളുടെ കവാടങ്ങളിൽ തന്നെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനുള്ള സംവിധാനം ഒരുക്കേണ്ടതാണ്. ഉയർന്ന ശരീരോഷ്മാവ് പ്രകടമാക്കുന്നവർക്ക് പ്രവേശനം നൽകരുത്.
- സ്ഥാപനങ്ങളുടെ കവാടങ്ങളിൽ തന്നെ കൈകൾ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കണം.
- ജീവനക്കാർക്കും, ഉപഭോക്താക്കൾക്കും മാസ്കുകൾ, കയ്യുറകൾ എന്നിവ നിർബന്ധമാണ്. ജീവനക്കാർ മുഴുവൻ സമയവും ഇവ ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഉപഭോക്താക്കൾ പ്രവേശിക്കുമ്പോളും, തിരികെപോകുമ്പോളും ഇവ ധരിക്കണം.
- സ്ഥാപനങ്ങളുടെ പരമാവധി ശേഷിയുടെ 40% ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും പ്രവേശനാനുമതി.
- 12 വയസിനു താഴെ ഉള്ളവർ, 60 വയസിനു മുകളിലുള്ളവർ, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നിവർക്ക് പ്രവേശനം നൽകരുത്.
- ഒരു മേശയിൽ പരമാവധി 4 പേർക്ക് മാത്രമേ സേവനം നൽകാവൂ. മേശകൾ തമ്മിൽ 2.5 മീറ്റർ എങ്കിലും അകലം ഉറപ്പാക്കണം.
- സ്ഥാപനത്തിൽ ദിനവും അണുനശീകരണം നടത്തുന്നതിനുള്ള സംവിധാനങ്ങൾ ഉറപ്പാക്കണം. മേശകൾ, കസേരകൾ എന്നിവ ഓരോ ഉപയോഗത്തിന് ശേഷവും അണുവിമുക്തമാക്കണം. ശുചിമുറികൾ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കണം.
- തുറന്നു വെച്ചിട്ടുള്ള ഭക്ഷണ സ്റ്റാൻഡുകൾ, ബുഫേ, ശീഷ എന്നിവ അനുവദിക്കില്ല.
- അബുദാബിയിലെ അണുനശീകരണ പ്രവർത്തനങ്ങളുടെ സമയക്രമത്തിനനുസരിച്ച് സ്ഥാപനങ്ങളുടെ പ്രവർത്തന സമയങ്ങൾ നിയന്ത്രിക്കണം.
- ഭക്ഷണം വിളമ്പുന്നതിനു ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാത്രങ്ങൾ, സ്പൂൺ മുതലായവ ഉപയോഗിക്കണം. പാത്രങ്ങൾ കഴുകുന്നതിനു, അധികൃതരുടെ പ്രത്യേക അനുവാദം ലഭിച്ച അണുനശീകരണ സംവിധാനങ്ങളുള്ള സ്ഥാപനങ്ങൾക്ക് പുനരുപയോഗിക്കാവുന്ന പാത്രങ്ങളിൽ ഭക്ഷണം വിളമ്പുന്നതിനു അനുവാദം നൽകിയിട്ടുണ്ട്.