ശൈത്യകാലം ആരംഭിക്കുന്നതിന്റെ ഭാഗമായി, തുറന്ന പ്രദേശങ്ങളിൽ സഞ്ചരിക്കുന്നവർക്കും, ക്യാമ്പ് ചെയ്യുന്നവർക്കും ആരോഗ്യ സുരക്ഷയിൽ പുലർത്തേണ്ട ശ്രദ്ധയെക്കുറിച്ച് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ പ്രത്യേക നിർദ്ദേശങ്ങൾ പുറത്തിറക്കി. ഇത്തരം യാത്രകളിലും, ക്യാമ്പിംഗ് പ്രവർത്തങ്ങളിലും ഏർപ്പെടുമ്പോൾ പുലർത്തേണ്ടതായ മുൻകരുതൽ നടപടികൾ ഈ അറിയിപ്പിൽ വ്യക്തമാക്കുന്നു.
COVID-19 പശ്ചാത്തലത്തിൽ പുലർത്തേണ്ട പ്രത്യേക പ്രതിരോധ നിർദ്ദേശങ്ങളും അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ പ്രത്യേകമായി അറിയിച്ചിട്ടുണ്ട്.
തുറന്ന പ്രദേശങ്ങളിൽ സഞ്ചരിക്കുന്നവർക്കും, ക്യാമ്പ് ചെയ്യുന്നവർക്കുമായി അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ പുറത്തിറക്കിയ മുൻകരുതൽ നിർദ്ദേശങ്ങൾ:
രോഗബാധയുടെ ലക്ഷണങ്ങൾ പ്രകടമാക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ:
- പനി, ചുമ, ശ്വാസതടസം മുതലായ ലക്ഷണങ്ങൾ പ്രകടമാക്കുന്നവരുമായുള്ള സമ്പർക്കം ഒഴിവാക്കേണ്ടതാണ്.
- സാനിറ്റൈസറുകൾ, സോപ്പ്, വെള്ളം മുതലായവ ഉപയോഗിച്ച് പതിവായി കൈകൾ അണുവിമുക്തമാക്കേണ്ടതാണ്.
- തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും മൂക്ക്, വായ എന്നിവ ടിഷ്യുപേപ്പര്‍ ഉപയോഗിച്ച് മറയ്‌ക്കേണ്ടതാണ്. ഇതിന് ശേഷം കൈകൾ അണുവിമുക്തമാക്കേണ്ടതാണ്.
- ഇത്തരം രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ ഉടൻ തന്നെ ചികിത്സകൾക്കായി ആരോഗ്യ കേന്ദ്രങ്ങളിലെത്തേണ്ടതാണ്.
ക്യാമ്പുകളിലും മറ്റും മൃഗങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- മാംസം മുതലായ ഉത്പന്നങ്ങൾ പാകം ചെയ്യാതെ ഉപയോഗിക്കരുത്.
- പാകം ചെയ്യാത്ത മാംസം, പാൽ എന്നിവ കൈകൊണ്ട് തൊടുന്നത് ഒഴിവാക്കേണ്ടതാണ്. മൃഗങ്ങളെ കൈകൊണ്ട് തൊടുന്നതും ഒഴിവാക്കേണ്ടതാണ്.
വന്യ മൃഗങ്ങൾ, വളര്‍ത്തുമൃഗങ്ങൾ എന്നിവയുമായി ഇടപഴകുമ്പോൾ പുലർത്തേണ്ട മുൻകരുതലുകൾ:
- ജീവനുള്ളതോ, അല്ലാത്തതോ ആയ വന്യ മൃഗങ്ങൾ, വളര്‍ത്തുമൃഗങ്ങൾ എന്നിവയുമായുള്ള എല്ലാ സമ്പർക്കങ്ങളും കഴിയുന്നതും ഒഴിവാക്കേണ്ടതാണ്. അവയെ കൈകൊണ്ട് തൊടുന്നതും ഒഴിവാക്കേണ്ടതാണ്.
- ഇത്തരം ജീവികൾ സ്പർശിച്ച പ്രതലങ്ങൾ കൈകൊണ്ട് തൊടുന്നത് ഒഴിവാക്കേണ്ടതാണ്.
മറ്റു സുരക്ഷാ നിർദ്ദേശങ്ങൾ:
- മാസ്കുകൾ എല്ലാ സമയവും ധരിക്കേണ്ടതാണ്.
- ആളുകൾ ഒത്ത് ചേരുന്ന സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതാണ്.
- ഹസ്തദാനം, ആലിംഗനം തുടങ്ങിയ അഭിവാദ്യങ്ങൾ ഒഴിവാക്കേണ്ടതാണ്.
- മറ്റുള്ളവരുമായി മുഴുവൻ സമയവും 2 മീറ്റർ എങ്കിലും സമൂഹ അകലം പുലർത്തേണ്ടതാണ്.