അബുദാബി: ചരക്ക് വാഹനങ്ങൾ ഭാരപരിധി സംബന്ധിച്ച നിബന്ധനകൾ പാലിക്കണമെന്ന് ITC

GCC News

തഹ്നൗൻ ബിൻ മുഹമ്മദ് റോഡിലൂടെ (ദുബായ് – അൽ ഐൻ E66) ഇരുവശത്തേക്കും സഞ്ചരിക്കുന്ന എല്ലാ ചരക്ക് വാഹനങ്ങളും സമയക്രമം സംബന്ധിച്ച നിർദ്ദേശങ്ങളും, പരമാവധി അനുവദിച്ചിട്ടുള്ള ഭാരപരിധി സംബന്ധിച്ച നിബന്ധനകളും കർശനമായി പാലിക്കണമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) വ്യക്തമാക്കി. 2023 മാർച്ച് 31-നാണ് അബുദാബി ITC ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

നിയമലംഘനങ്ങളും, പിഴ ഉൾപ്പടെയുള്ള തുടർനടപടികളും ഒഴിവാക്കുന്നതിനായി ഇത്തരം വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി ഭാരപരിധിയായ 45 ടൺ എന്നത് പാലിക്കാനും, റോഡ് നിയമങ്ങൾ കർശനമായി പാലിക്കാനും ITC ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിയമങ്ങൾ ലംഘിക്കുന്ന ട്രക്കുകൾക്ക് അബുദാബിയിലെ സ്മാർട്ട് ഗേറ്റുകളിലൂടെ കടന്ന് പോകുന്ന അവസരത്തിൽ എമിറേറ്റിലെ ഫ്രെയ്റ്റ് ട്രാൻസ്‌പോർട്ട് റെഗുലേഷൻ അനുശാസിക്കുന്ന പിഴകൾ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഇത് സംബന്ധിച്ച് അബുദാബി ITC ഒരു പ്രത്യേക ബോധവത്കരണ പ്രചാരണ പരിപാടി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി, എമിറേറ്റിലെ ചരക്ക് ഗതാഗതവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള മൊബൈൽ സന്ദേശങ്ങൾ ട്രക്ക് ഉടമകൾക്കും, ഡ്രൈവർമാർക്കും ITC അയച്ചിട്ടുണ്ട്.

Cover Image: Abu Dhabi ITC. With Inputs from WAM.