എമിറേറ്റിലെ തൊഴിലാളികളുടെ മാനസികാരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടിക്ക് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കമ്മ്യൂണിറ്റി ഡെവലപ്മെൻറ് (DCD) തുടക്കം കുറിച്ചു. തൊഴിലാളികളുടെ ശാരീരികവും, മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനും, പൊതുജനാരോഗ്യ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായാണ് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റിയുമായി സഹകരിച്ച് കൊണ്ട് DCD ഇത്തരത്തിൽ ഒരു പ്രചാരണ പരിപാടിക്ക് രൂപം നൽകിയിട്ടുള്ളത്.
അബുദാബിയിലുടനീളമുള്ള തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ടു കൊണ്ട് ആരംഭിച്ചിട്ടുള്ള, ‘നിങ്ങൾക്ക് പ്രാധാന്യമുണ്ട്’ എന്ന പേരിലുള്ള ഈ പ്രചാരണ പരിപാടി 8 ഭാഷകളിൽ ലഭ്യമാകുന്നതാണ്. ശോകം, ഉത്‌ക്കണ്‌ഠ, ആകാംഷ മുതലായ മനോവികാരങ്ങളാൽ മാനസികമായി തളർച്ച നേരിടുന്നവർക്ക് 800 937292 എന്ന ഹോട്ട്ലൈൻ നമ്പറിലൂടെ, മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിനുള്ള മനശാസ്ത്രപരമായ ഉപദേശങ്ങളും, ശുഭചിന്തകൾ ഉണർത്തുന്നതിനു സഹായകമാകുന്ന സന്ദേശങ്ങളുമുൾപ്പടെയുള്ള സേവനങ്ങൾ ഇതിന്റെ ഭാഗമായി ലഭിക്കുന്നതാണ്. ഇതിനായി പ്രത്യേക പരിശീലനം നേടിയിട്ടുള്ള മനശാസ്ത്ര, ആരോഗ്യ പ്രവർത്തകരാണ് ഈ ഹോട്ട്ലൈൻ കൈകാര്യം ചെയ്യുന്നത്.
പ്രത്യേക പരിശീലനം നേടിയിട്ടുള്ളവരിലൂടെ തൊഴിലാളികൾക്ക് മാനസികമായ പിന്തുണ ഉറപ്പാക്കുക, പൊതു ആരോഗ്യ നിർദ്ദേശങ്ങൾ നൽകുക, സമൂഹത്തിലെ മൂല്യമുള്ള അംഗങ്ങളായി തൊഴിലാളികളുടെ പ്രാധാന്യം വ്യക്തമാക്കുക എന്നിവ ഈ പ്രചാരണപരിപാടിയിലൂടെ DCD ലക്ഷ്യമിടുന്നു. മാനസികമായുള്ള പിരിമുറുക്കം കുറയ്ക്കുന്നതിനായി കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുമായുള്ള സമ്പര്‍ക്കം ഊട്ടിഉറപ്പിക്കുന്നതിനും, പുതിയ വിഷയങ്ങളിൽ നൈപുണ്യം നേടുന്നതിനും, വിനോദവൃത്തികൾ പ്രോത്സാഹിപ്പിക്കുന്നതിനും ഈ പരിപാടിയിലൂടെ തൊഴിലാളികളോട് DCD ആഹ്വാനം ചെയ്യുന്നു.
“തൊഴിലാളികൾ ഈ സമൂഹത്തിലെ അവിഭാജ്യ ഘടകമാണ്. ഇവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, സഹായങ്ങൾ ആവശ്യമായ മേഖലകൾ കണ്ടെത്തുന്നതിനും വിദഗ്‌ദ്ധരുടെ ഒരു സംഘവുമായി ഞങ്ങൾ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. മാനസികമായുള്ള പിരിമുറുക്കം ലഘൂകരിക്കുന്നതിനും, ആവശ്യമായ മാനസിക സഹായങ്ങൾ നൽകുന്നതിനുമായി ‘നിങ്ങൾക്ക് പ്രാധാന്യമുണ്ട്’ എന്ന പേരിലുള്ള ഈ പ്രചാരണ പരിപാടി ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്.”, DCD അണ്ടർ സെക്രട്ടറി ഹമദ് അലി അൽ ദഹേരി അറിയിച്ചു. “ഉത്‌ക്കണ്‌ഠ മൂലമുണ്ടാകുന്ന പിരിമുറുക്കങ്ങൾ അകറ്റുന്നതിനും, സുരക്ഷാ ബോധം വളർത്തുന്നതിനും ലക്ഷ്യമിടുന്ന, മനസികാരോഗ്യവുമായി ബന്ധപ്പെട്ട വിവിധ ഭാഷകളിലുള്ള പരിശീലനക്കളരികളും, പ്രഭാഷണ പരിപാടികളും ഇതിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്.”, അദ്ദേഹം കൂട്ടിച്ചേർത്തു.