2022 ജനുവരി 10, തിങ്കളാഴ്ച്ച മുതൽ എമിറേറ്റിലെ മുഴുവൻ സർക്കാർ ജീവനക്കാർക്കും തങ്ങളുടെ തൊഴിലിടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ബൂസ്റ്റർ ഡോസ് ഉൾപ്പടെയുള്ള COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കുന്നത് നിർബന്ധമാക്കൻ തീരുമാനിച്ചു. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഗവണ്മെന്റ് സപ്പോർട്ട്, അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി എന്നിവർ സംയുക്തമായാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.
2022 ജനുവരി 5-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ഈ തീരുമാനം എമിറേറ്റിലെ എല്ലാ സർക്കാർ ഓഫീസുകളിലെയും ജീവനക്കാർക്ക് ബാധകമാണ്.
COVID-19 വാക്സിനെടുക്കുന്നതിൽ ഔദ്യോഗികമായ ഇളവുകൾ നേടിയിട്ടുള്ളവർക്ക് ഈ തീരുമാനം ബാധകമല്ല. എമിറേറ്റിൽ നിലവിലുള്ള COVID-19 മുൻകരുതൽ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
എമിറേറ്റിലെ സർക്കാർ ഓഫീസുകളിലെത്തുന്ന ജീവനക്കാർ, സേവനദാതാക്കൾ, കരാർ അടിസ്ഥാനത്തിലുള്ള വ്യക്തികൾ തുടങ്ങിയവർ എല്ലാ മുൻകരുതൽ നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർക്ക് ഓരോ 7 ദിവസം തോറും PCR പരിശോധന നിർബന്ധമാണ്. ഇത്തരം സ്ഥാപനങ്ങളിലെത്തുന്ന സന്ദർശകർ, ഉപഭോക്താക്കൾ, താത്കാലിക ജീവനക്കാർ തുടങ്ങിയവർക്ക് 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.