പുതുവർഷം 2022: അബുദാബിയിൽ ടോൾ ഒഴിവാക്കും; വാഹന പാർക്കിംഗ് സൗജന്യം

UAE

ഈ വർഷത്തെ പുതുവർഷ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ പൊതു പാർക്കിങ്ങ് ഇടങ്ങൾ സൗജന്യമാക്കിയതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. പുതുവർഷ അവധിയുമായി ബന്ധപ്പെട്ട് 2022 ജനുവരി 1, ശനിയാഴ്ച്ച മുതൽ 2022 ജനുവരി 2, ഞായറാഴ്ച്ച രാവിലെ 7:59 വരെയാണ് പാർക്കിംഗ് സൗജന്യമാക്കിയിരിക്കുന്നത്.

ഈ സമയങ്ങളിൽ അബുദാബിയിൽ വാഹനങ്ങൾക്ക് പാർക്കിങ്ങിനായി നൽകിയിട്ടുള്ള ഇടങ്ങളിൽ സൗജന്യമായി പാർക്ക് ചെയ്യാവുന്നതാണ്. മുസഫ ഇൻഡസ്ട്രിയൽ മേഖലയിലെ M18 പാർക്കിംഗ് ഏരിയ ഈ കാലയളവിൽ സൗജന്യമാക്കിയതായും ITC അറിയിച്ചിട്ടുണ്ട്.

വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ അനുവാദമില്ലാത്ത ഇടങ്ങളിലോ, മറ്റു വാഹനങ്ങളെ തടയുന്ന രീതിയിലോ, ഗതാഗതത്തിന് തടസമുണ്ടാക്കുന്ന രീതിയിലോ വാഹനങ്ങൾ നിർത്തി ഇടരുതെന്നും ITC ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാത്രി 9 മുതൽ രാവിലെ 8 വരെ റസിഡന്റ് പാർക്കിങ്ങുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കാനും ITC നിർദ്ദേശിച്ചിട്ടുണ്ട്.

പുതുവർഷ അവധിയുമായി ബന്ധപ്പെട്ട് 2022 ജനുവരി 1, ശനിയാഴ്ച്ച ഡാർബ് ടോൾ ഒഴിവാക്കുമെന്നും ITC അറിയിച്ചിട്ടുണ്ട്. 2022 ജനുവരി 2, ഞായറാഴ്ച്ച മുതൽ രാവിലെ 7 മുതൽ രാവിലെ 9 വരെയും, വൈകീട്ട് 5 മുതൽ 7 വരെയും ടോൾ തിരികെ ഏർപ്പെടുത്തുന്നതാണ്.

പൊതുഗതാഗത്തിനുള്ള ബസുകൾ സാധാരണ സമയക്രമം പാലിച്ച് കൊണ്ട് സർവീസ് നടത്തുമെന്നും ITC അറിയിച്ചു. ഫെറി സേവനങ്ങളും സാധാരണ രീതിയിൽ പ്രവർത്തിക്കുന്നതാണ്.

ITC-യുടെ കീഴിലുള്ള കസ്റ്റമർ സർവീസ് കേന്ദ്രങ്ങൾ 2022 ജനുവരി 2 വരെ അവധിയായിരിക്കും. അവധിക്ക് ശേഷം ഈ കേന്ദ്രങ്ങൾ 2022 ജനുവരി 3, തിങ്കളാഴ്ച്ച മുതൽ തുറന്ന് പ്രവർത്തിക്കുന്നതാണ്. ITC-യുടെ എല്ലാ സേവനങ്ങളും https://www.itc.gov.ae/ എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയോ, customer.care@itc.gov.ae എന്ന ഇമെയിൽ വിലാസത്തിലൂടെയോ, Darb ആപ്പിലൂടെയോ, 800850 എന്ന നമ്പറിലൂടെയോ നേടാവുന്നതാണ്.