അബുദാബി: സ്വയം പ്രവർത്തിക്കുന്ന ഡെലിവറി വാഹനങ്ങളുടെ ആദ്യ ഘട്ട പരീക്ഷണം ആരംഭിച്ചു

GCC News

സ്വയം പ്രവർത്തിക്കുന്ന ഡെലിവറി വാഹനങ്ങളുടെ ആദ്യ ഘട്ട പരീക്ഷണം അബുദാബിയിൽ ആരംഭിച്ചു. 2025 സെപ്റ്റംബർ 15-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്ററിന്റെ (അബുദാബി മൊബിലിറ്റി) നേതൃത്വത്തിലാണ് ഈ വാഹനങ്ങൾ പരീക്ഷിക്കുന്നത്. സ്മാർട്ട് ആൻഡ് ഓട്ടോണോമസ് സിസ്റ്റംസ് കൗൺസിൽ (SASC), അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫീസ് (ADIO), K2, EMX എന്നിവരുമായി സഹകരിച്ചാണ് അബുദാബി മൊബിലിറ്റി ഈ പരീക്ഷണങ്ങൾ നടത്തുന്നത്.

മസ്ദാർ സിറ്റിയിലാണ് ഈ സ്വയം പ്രവർത്തിക്കുന്ന ഡെലിവറി വാഹനങ്ങൾ പരീക്ഷിക്കുന്നത്. സ്വയം പ്രവർത്തിക്കുന്ന ഡെലിവറി വാഹനങ്ങൾക്ക് നൽകുന്ന എമിറേറ്റിലെ ആദ്യത്തെ ഔദ്യോഗിക ലൈസൻസ് പ്ലേറ്റ് ഈ പരീക്ഷണങ്ങളുടെ ഭാഗമായുള്ള വാഹനങ്ങൾക്ക് നൽകിയതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

Source: Abu Dhabi Media Office.

K2-വിന് കീഴിലുള്ള ഓട്ടോഗോ എന്ന സ്ഥാപനമാണ് ഈ വാഹനങ്ങൾ നിർമ്മിച്ചിരിക്കുന്നത്. അതിനൂതന സ്മാർട്ട് മൊബിലിറ്റി സംവിധാനങ്ങൾ, എ ഐ സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗപ്പെടുത്തുന്ന ഈ വാഹനങ്ങൾക്ക് നഗരവീഥികളിലൂടെ മനുഷ്യഇടപെടലുകൾ കൂടാതെ സ്വയം സഞ്ചരിക്കുന്നതിനും, കാര്യക്ഷമതയോടെ ഓർഡറുകൾ ഡെലിവറി ചെയ്യുന്നതിനും സാധിക്കുന്നതാണ്.

അബുദാബിയിലുടനീളം ഡെലിവറി മേഖലയിൽ ഇത്തരം സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗപ്പെടുത്തുന്നതിലേക്കുള്ള ആദ്യ ചുവട് എന്ന രീതിയിലാണ് ഇപ്പോൾ ഇവ മസ്ദാർ സിറ്റിയിൽ പരീക്ഷിക്കുന്നത്. 2040-ഓടെ എമിറേറ്റിലെ ഡെലിവറി മേഖലയിലെ 25 ശതമാനം ട്രിപ്പുകളും സ്മാർട്ട് ട്രാൻസ്‌പോർട് സംവിധാനങ്ങളിലേക്ക് മാറ്റുക എന്ന നയത്തിന്റെ ഭാഗമായാണിത്.