അബുദാബി: നഗര പരിസരങ്ങൾ ശുചിയായി സംരക്ഷിക്കാൻ മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് നിർദ്ദേശിച്ചു; നിയമലംഘകർക്ക് പിഴ ചുമത്തും

UAE

നഗര പരിസരങ്ങൾ ശുചിയായി സംരക്ഷിക്കുന്നതിനായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി ഒരു ബൃഹത്തായ പ്രചാരണ പരിപാടിയ്ക്ക് രൂപം നൽകി. അബുദാബി സിറ്റി മുനിസിപ്പാലിറ്റി, വേസ്റ്റ് മാനേജ്‌മന്റ് സെന്റർ – തദ്വീർ എന്നിവർ സംയുക്തമായി ആരംഭിച്ചിട്ടുള്ള ഈ പ്രചാരണ പരിപാടി നഗര പരിസരങ്ങളിൽ അലക്ഷ്യമായി മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനും, ശരിയായ മാലിന്യ നിർമാർജ്ജന രീതികൾ ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്നു.

ഇതിന്റെ ഭാഗമായി, നഗര പരിസരങ്ങൾ ശുചിയായി സംരക്ഷിക്കാൻ അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഈ പ്രചാരണ പരിപാടിയുടെ ഭാഗമായി, അബുദാബി നഗരത്തിലെ മാലിന്യ നിർമാർജ്ജന നിയമങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി മാർച്ച് 13 മുതൽ ട്വിറ്ററിലൂടെ പ്രത്യേക അറിയിപ്പുകൾ ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിട്ടുണ്ട്. മാലിന്യ നിർമാർജ്ജനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവിധ നിയമങ്ങളും, അവയുടെ ലംഘനങ്ങൾക്കുള്ള പിഴ ശിക്ഷാ നടപടികളും ഈ ബോധവത്‌കരണ സന്ദേശങ്ങളിലൂടെ അബുദാബി സിറ്റി മുനിസിപ്പാലിറ്റി പങ്ക് വെച്ചിട്ടുണ്ട്.

മാലിന്യ നിർമാർജ്ജനവുമായി ബന്ധപ്പെട്ട് അബുദാബി സിറ്റി മുനിസിപ്പാലിറ്റി നൽകിയിട്ടുള്ള അറിയിപ്പുകൾ:

  • പൊതു ഇടങ്ങളിൽ ചപ്പുചവറുകൾ വലിച്ചെറിയുന്നവർക്ക് 1000 ദിർഹം പിഴ ചുമത്തും. പൊതു ഇടങ്ങളിൽ തുപ്പുന്നവർക്കും ഇതേ പിഴ ചുമത്തുന്നതാണ്.
  • പൊതുജനങ്ങളുടെ ഉപയോഗത്തിനായി പ്രത്യേക ചവറ്റുവീപ്പകൾ ഒരുക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്ക് 1000 ദിർഹം പിഴ ചുമത്തും.
  • വാഹനങ്ങളിൽ നിന്ന് റോഡിലും മറ്റും മാലിന്യം വലിച്ചെറിയുന്നവർക്ക് 1000 ദിർഹം പിഴ ചുമത്തും. ഇതിന് പുറമെ, ഇവർക്ക് 6 ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ കൂടി ചുമത്തുന്നതാണ്.
  • നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങളിൽ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മാലിന്യം കത്തിക്കുന്നവർക്ക് 5000 ദിർഹം പിഴ ചുമത്തും.
  • കൃഷിയിടങ്ങളിൽ നിന്നുള്ള മാലിന്യം, അവ നിർമ്മാർജ്ജനം ചെയ്യുന്നതിനായി പ്രത്യേകം ഏർപ്പെടുത്തിയിട്ടുള്ള ഇടങ്ങളിലല്ലാതെ നിക്ഷേപിക്കുന്നവർക്ക് 10000 ദിർഹം പിഴ ചുമത്തും.
  • കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മാലിന്യം, അവ നിർമ്മാർജ്ജനം ചെയ്യുന്നതിനായി പ്രത്യേകം ഏർപ്പെടുത്തിയിട്ടുള്ള ഇടങ്ങളിലല്ലാതെ നിക്ഷേപിക്കുന്നവർക്ക് 10000 ദിർഹം പിഴ ചുമത്തും.
  • മലിനജലം ഉൾപ്പടെയുള്ള മാലിന്യങ്ങൾ അവ നിർമ്മാർജ്ജനം ചെയ്യുന്നതിനായി പ്രത്യേകം ഏർപ്പെടുത്തിയിട്ടുള്ള ഇടങ്ങളിലല്ലാതെ നിക്ഷേപിക്കുന്നവർക്ക് 100000 ദിർഹം പിഴ ചുമത്തും.

ഇവ സംബന്ധിച്ചുള്ള നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി പ്രത്യേക പരിശോധനാ നടപടികൾ ഉണ്ടാകുമെന്നും അധികൃതർ സമൂഹത്തെ ഓർമ്മപ്പെടുത്തി.