എമിറേറ്റിലെ റെസ്റ്ററാൻറ്റ്, കഫെ, കോഫീ ഷോപ്പ് മുതലായ സ്ഥാപനങ്ങൾക്ക് 80 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി നൽകിയതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക്ക് ഡെവലപ്മെന്റ് (ADDED) അറിയിച്ചു. കർശനമായ കൊറോണ വൈറസ് മുൻകരുതലുകൾ പാലിച്ച് കൊണ്ടായിരിക്കണം ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടതെന്നും ADDED ജൂലൈ 29-നു പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഷോപ്പിംഗ് മാളുകളിലും, പുറത്തും പ്രവർത്തിക്കുന്ന എല്ലാ അംഗീകൃത ഭക്ഷണശാലകൾക്കും ഈ നിർദ്ദേശം ബാധകമാണ്. COVID-19 പ്രതിരോധവുമായി ബന്ധപ്പെട്ട അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റിയുടെ നിർദ്ദേശങ്ങളനുസരിച്ചാണ് ഈ തീരുമാനം.
ഇത്തരം സ്ഥാപനങ്ങളിൽ ഉറപ്പാക്കേണ്ട ആരോഗ്യ സുരക്ഷാ നിബന്ധനകളും ADDED അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്:
- ഇത്തരം സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാർക്കും രണ്ടാഴ്ച്ച തോറും ലേസർ DPI ടെസ്റ്റിംഗ് നിർബന്ധമാണ്. ഓരോ 2 മണിക്കൂറിലും ജീവനക്കാരുടെ ശരീരോഷ്മാവ് പരിശോധിച്ച് രേഖപ്പെടുത്തേണ്ടതാണ്.
- രോഗസാധ്യതയുള്ള ജീവനക്കാർക്ക് ജോലിയിൽ പ്രവേശിക്കാൻ അനുവാദം നൽകരുത്.
- ദിനവും ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപായി, എല്ലാ ജീവനക്കാരുടെയും ശരീരോഷ്മാവ് ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ച് പരിശോധിച്ച് രേഖപ്പെടുത്തേണ്ടതാണ്.
- ബുഫെ സംവിധാനം, ഭക്ഷണ സാമ്പിളുകൾ മുതലായ സേവനങ്ങൾക്ക് അനുവാദം നൽകിയിട്ടില്ല. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ (ADAFSA) പ്രത്യേക മാനദണ്ഡങ്ങൾ പാലിക്കുന്ന ഹോട്ടലുകൾക്ക് മാത്രമാണ് ബുഫെ നൽകാൻ അനുമതിയുള്ളത്.
- മാസ്കുകൾ, കയ്യുറകൾ എന്നിവ നിർബന്ധമാണ്.
- സമൂഹ അകലം ഉറപ്പാക്കാൻ, അവയെക്കുറിച്ചുള്ള അറിയിപ്പുകൾ പ്രദർശിപ്പിക്കണം. ഓരോ മേശകളിലും പരമാവധി നാലു പേർക്ക് മാത്രമായിരിക്കും അനുവാദം ഉണ്ടായിരിക്കുക.
- പാത്രങ്ങൾ കൃത്യമായി അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങളുള്ള സ്ഥാപനങ്ങൾക്ക് മാത്രമാണ് ഭക്ഷണം വിളമ്പുന്നതിനായി കഴുകി ഉപയോഗിക്കാവുന്ന പ്ളേറ്റുകൾ, ഗ്ലാസുകൾ മുതലായവ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുള്ളത്. ഇത്തരം സംവിധാനങ്ങൾ ഇല്ലാത്ത സ്ഥാപനങ്ങൾ നിർബന്ധമായും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാത്രങ്ങളിൽ ഭക്ഷണം വിളമ്പേണ്ടതാണ്.
- ജനങ്ങൾ സ്പർശിക്കാൻ ഇടവരുന്ന ഇടങ്ങൾ കൃത്യമായി അണുവിമുക്തമാക്കേണ്ടതാണ്.
- പണമിടപാടുകൾക്ക് കഴിയുന്നതും ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിക്കേണ്ടതാണ്.
- ജീവനക്കാർ രോഗലക്ഷണങ്ങൾ പ്രകടമാക്കുകയാണെങ്കിൽ ഉടൻ തന്നെ ആരോഗ്യ വകുപ്പിനെ അറിയിക്കേണ്ടതാണ്.