കൊറോണ വൈറസ് പശ്ചാത്തലത്തിൽ, ഈ വർഷത്തെ യു എ ഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ജനങ്ങൾ ഒത്തുചേരുന്നതും, കൂട്ടംകൂടുന്നതുമായ എല്ലാ സാഹചര്യങ്ങളും കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും, പൊതുവായ സുരക്ഷാ മാനദണ്ഡങ്ങളും അബുദാബി പോലീസ് ഇതോടൊപ്പം അറിയിച്ചിട്ടുണ്ട്.
യു എ ഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 1 മുതൽ 3 വരെ രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 1, ചൊവ്വാഴ്ച്ച സ്മാരക ദിനത്തിന്റെ ഭാഗമായും, ഡിസംബർ 2, 3 (ബുധൻ, വ്യാഴം) തീയ്യതികൾ ദേശീയദിനത്തിന്റെ ഭാഗമായും അവധിയായിരിക്കും.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അപകടകരമായ രീതിയിൽ റോഡിൽ വാഹനങ്ങൾ ഓടിക്കുന്നവർക്കും, റോഡിൽ വാഹനങ്ങളുടെ മത്സരയോട്ടം നടത്തുന്നവർക്കും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് 2000 ദിർഹം പിഴയും, 12 ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ചുമത്തുന്നതാണെന്ന് അധികൃതർ ഓർമ്മപ്പെടുത്തി. ഇത്തരം വാഹനങ്ങൾ 30 ദിവസം വരെ പിടിച്ചെടുക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഉയർന്ന ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങൾ, വാഹനത്തിന്റെ വേഗത, ശബ്ദം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനായി എഞ്ചിനിൽ മാറ്റങ്ങൾ വരുത്തിയ വാഹനങ്ങൾ എന്നിവയ്‌ക്കെതിരെയും നടപടി കൈക്കൊള്ളുന്നതാണ്. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വാഹനങ്ങളിൽ കോടി തോരണങ്ങളും മറ്റും ചാർത്തി മോടിപിടിപ്പിക്കുന്ന നടപടികൾ നവംബർ 25 മുതൽ ഡിസംബർ 6 വരെ മാത്രമായിരിക്കും അനുവദിക്കുക എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അബുദാബി പോലീസ് നൽകിയിട്ടുള്ള മറ്റു സുരക്ഷാ നിർദേശങ്ങൾ:
- ഒത്തുചേരലുകൾ, ഘോഷയാത്രകൾ എന്നിവ അനുവദിക്കില്ല.
- ട്രാഫിക് നിയമങ്ങൾ ലംഘിച്ച് കൊണ്ടുള്ള ഒരു ആഘോഷവും അനുവദിക്കില്ല.
- വാഹനങ്ങളുടെ മുകളിൽ കയറി നിന്ന് യാത്ര ചെയ്യുന്നതും, വാഹനങ്ങളുടെ ജനൽ തുറന്നിടുന്നതും അനുവദിക്കില്ല.
- റോഡിൽ തടസങ്ങൾ സൃഷ്ടിക്കരുത്.
- സ്പ്രേ ചെയ്യുന്ന വസ്തുക്കൾ ഉപയോഗിക്കാൻ അനുമതി ഇല്ല.
- കാഴ്ച്ച മറയ്ക്കുന്ന തരത്തിൽ വാഹനങ്ങളിൽ ഏച്ചുകെട്ടുകൾ അനുവദിക്കില്ല.
- മാസ്കുകൾ നിർബന്ധമാണ്.
- സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്.
- വാഹനങ്ങളുടെ ജനൽ ചില്ലുകളിൽ സ്റ്റിക്കർ പതിക്കരുത്.
- റോഡുകളിൽ അഭ്യാസപ്രകടനങ്ങൾ അനുവദിക്കില്ല.
- വാഹനങ്ങളിൽ മൂന്ന് പേരിലധികം പാടില്ല.