ട്രാഫിക് സുരക്ഷാ അവബോധം വളർത്തുന്നതിനായി സ്മാർട്ട് റോബോട്ടുമായി അബുദാബി പോലീസ്

UAE

പൊതുജനങ്ങൾക്കിടയിൽ ട്രാഫിക് സുരക്ഷാ അവബോധം വളർത്തുന്നതിനായി അബുദാബി പോലീസ് ഒരു സ്മാർട്ട് റോബോട്ടിനെ അവതരിപ്പിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പൊതുജനങ്ങളുമായി സംവദിച്ച് കൊണ്ട് ട്രാഫിക് സുരക്ഷാ ബോധവത്‌കരണം നൽകുന്നതിനും, വിവിധ സേവനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ട് കൊണ്ട് പുറത്തിറക്കിയ ഈ റോബോട്ട് നിർമിതബുദ്ധിയുടെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക എന്ന അബുദാബി പോലീസിന്റെ നയത്തിന്റെ ഭാഗമാണ്.

വിവിധ പരിപാടികൾ, എക്സിബിഷനുകൾ തുടങ്ങിയവയിൽ പൊതുജനങ്ങളുമായി സംവദിക്കുന്നതിന് ഈ സ്മാർട്ട് റോബോട്ടിനെ ഉപയോഗിക്കുന്നതാണ്. ഡ്രൈവർമാർക്കും, കാൽനടയാത്രികർക്കും, മറ്റു റോഡ് യാത്രികർക്കും ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുന്നതിന് ഈ റോബോട്ട് ഉപയോഗപ്പെടുത്തുന്നതാണ്.

ട്രാഫിക് സുരക്ഷ സംബന്ധിച്ച വിഡിയോകൾ പ്രദർശിപ്പിക്കുക, പൊതുജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുക, സേവനകേന്ദ്രങ്ങളിലെത്തുന്ന ഉപഭോക്താക്കളുടെ സംശയങ്ങൾക്കുള്ള മറുപടി നൽകുക തുടങ്ങിയ ആവശ്യങ്ങൾക്ക് ഈ റോബോട്ടിനെ ഉപയോഗിക്കാവുന്നതാണ്.