റെഡ് സിഗ്നൽ ലംഘിക്കുന്നവർക്കുള്ള ശിക്ഷാ നടപടികളെക്കുറിച്ച് അബുദാബി പോലീസ് അറിയിപ്പ് നൽകി

UAE

എമിറേറ്റിലെ റോഡുകളിലെ ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷാ നടപടികളെക്കുറിച്ച് അബുദാബി പോലീസ് അറിയിപ്പ് പുറത്തിറക്കി. സെപ്റ്റംബർ 15-നാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് അബുദാബി പോലീസ് സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വെച്ചത്.

ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നവർക്ക് താഴെ പറയുന്ന ശിക്ഷാ നടപടികൾ നേരിടേണ്ടിവരുന്നതാണ്:

  • 1000 ദിർഹം പിഴ
  • 12 ബ്ലാക്ക് പോയിന്റ്
  • റെഡ് സിഗ്നൽ ലംഘിക്കുന്നത് വാഹനം പിടിച്ചെടുക്കപ്പെടാവുന്ന നിയമലംഘനമാണ്. 30 ദിവസത്തേക്കാണ് വാഹനങ്ങൾ പിടിച്ചെടുക്കപ്പെടുന്നത്.
  • ഇത്തരത്തിൽ റെഡ് സിഗ്നൽ ലംഘിക്കുന്നതിന് വാഹനം പോലീസ് പിടിച്ചെടുക്കുകയാണെങ്കിൽ അത് വിട്ടുകിട്ടുന്നതിനായി 50000 ദിർഹം പിഴയായി അടക്കേണ്ടതാണ്.
  • 6 മാസത്തേക്ക് ലൈസൻസ് കണ്ടുകെട്ടുന്നതാണ്.

എമിറേറ്റിലെ ട്രാഫിക്ക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട്, വാഹനങ്ങൾ പിടിച്ചെടുക്കുന്നതിന്റെ നടപടിക്രമങ്ങൾ സംബന്ധിച്ച് അബുദാബി പോലീസ് സെപ്റ്റംബർ 9-ന് പുറത്തിറക്കിയ അറിയിപ്പിലും ഇത് സംബന്ധിച്ച് സൂചനകൾ നൽകിയിരുന്നു.

വാഹനങ്ങൾ ഓടിക്കുന്നവരുടെ അശ്രദ്ധയും, മറ്റു കാരണങ്ങൾ കൊണ്ടും ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് പാലിക്കാതിരിക്കുന്നത് അപകടകരമായ നിയമലംഘനമാണ്. അമിതവേഗം, അശ്രദ്ധ, മൊബൈൽ ഫോണിന്റെ ഉപയോഗം എന്നിങ്ങിനെ മൂന്ന് പ്രധാന കാരണങ്ങളാണ്, നാല്‍ക്കവലകളിലും മറ്റും ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നതിലേക്ക് നയിക്കുന്നത്.