അടിയന്തിരാവശ്യങ്ങൾക്കുള്ള വാഹനങ്ങൾ തടസപ്പെടുത്തുന്നവർക്ക് 3,000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്

UAE

അടിയന്തരഘട്ടങ്ങളിലെ സേവനങ്ങൾക്കായും, അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ അതിന്റെ നിവാരണ പ്രവർത്തനങ്ങൾക്കായും ഉപയോഗിക്കുന്ന വാഹനങ്ങളെയും, പോലീസ് വാഹനങ്ങളെയും റോഡിൽ തടസപ്പെടുത്തുന്നതും, ഇവയ്ക്ക് മാർഗ്ഗതടസം സൃഷ്ടിച്ച് വൈകിപ്പിക്കുന്നതുമായ രീതിയിൽ ഡ്രൈവ് ചെയ്യുന്നത് 3,000 ദിർഹം പിഴ ഈടാക്കാവുന്ന കുറ്റമാണെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ജനുവരി 28-നാണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പ് അബുദാബി പോലീസ് ട്വിറ്ററിലൂടെ പങ്ക് വെച്ചത്.

ഇത്തരം വാഹനങ്ങൾക്ക് സുഗമമായി കടന്ന് പോകുന്നതിന്, റോഡിൽ സ്വയം മാറികൊടുത്ത് വഴിതെളിച്ച് കൊടുക്കണം എന്ന് പോലീസ് ഡ്രൈവർമാരെ ഓർമ്മപ്പെടുത്തി. ഇത്തരം വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങൾക്ക് പിഴ ശിക്ഷയ്ക്ക് പുറമെ 6 ട്രാഫിക് ബ്ലാക്ക് പോയിന്റ്സ് ചുമത്തപ്പെടാവുന്നതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇത് കൂടാതെ ഇത്തരം വാഹനങ്ങൾ 30 ദിവസം വരെ പിടിച്ചെടുക്കപ്പെടാവുന്നതുമാണ്.

അടിയന്തര സ്വഭാവമുള്ള വാഹനങ്ങൾക്ക് റോഡിൽ സ്വയം മാറി കൊടുക്കുമ്പോൾ അവയുടെ സേവനങ്ങൾ അത്രയും പെട്ടന്ന് ആവശ്യമുള്ളയിടങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്നു എന്ന് പോലീസ് വ്യക്തമാക്കി. ആംബുലൻസ്, ഫയർ ട്രാക്ക്, പോലീസ് പെട്രോൾ വാഹനങ്ങൾ മുതലായവയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള ഡ്രൈവിംഗ് ശൈലി ഒഴിവാക്കാനും പോലീസ് ആവശ്യപ്പെട്ടു.

ഇത്തരം വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കുന്നത് നിരവധി ജീവനുകൾ അപകടത്തിലാക്കാമെന്നും പോലീസ് ജനങ്ങളെ ഓർമ്മപ്പെടുത്തി. ഇത്തരം വാഹനങ്ങൾ കടന്ന് പോകുന്നതിന് റോഡിന്റെ വശങ്ങളിലേക്ക് വാഹനം ഒതുക്കി കൊടുക്കാനും പോലീസ് ആഹ്വാനം ചെയ്തു.