എമിറേറ്റിലെ നിവാസികളുടെ ശ്രദ്ധയിൽപ്പെടുന്ന COVID-19 ആരോഗ്യ സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങളിലെ വീഴ്ച്ചകളും, നിയമലംഘനങ്ങളും അധികൃതരുമായി പങ്ക് വെക്കാൻ അബുദാബി പോലീസ് പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു. പൊതു സമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി ഓരോ നിവാസിക്കും തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന ഇത്തരം ലംഘനങ്ങൾ സ്വന്തം പേര് വെളിപ്പെടുത്താതെ അധികൃതരെ അറിയിക്കാനുള്ള സംവിധാനങ്ങളെക്കുറിച്ചും പോലീസ് അറിയിപ്പ് നൽകി.
ഇത്തരം വിവരങ്ങൾ അധികൃതരുമായി പങ്കിടുന്നതിന് അബുദാബി പോലീസിന്റെ അമൻ ടോൾ ഫ്രീ സംവിധാനം ഉപയോഗപ്പെടുത്താമെന്ന് ജനുവരി 26-ന് രാത്രി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. 8002626 എന്ന നമ്പറിൽ ഈ ടോൾ ഫ്രീ സംവിധാനം ലഭ്യമാണ്.
ഇതിന് പുറമെ, 2828 എന്ന നമ്പറിലേക്ക് SMS അയച്ച് കൊണ്ടും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താവുന്നതാണ്. aman@adpolice.gov.ae എന്ന ഇമെയിൽ വിലാസത്തിലേക്ക് സന്ദേശമായും ഇത്തരം വിവരങ്ങൾ കൈമാറാവുന്നതാണ്. സമൂഹ നന്മയ്ക്കായി കൈകോർക്കാൻ പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.