ആഘോഷങ്ങളുടെ ഭാഗമായുള്ള കരിമരുന്ന് ഉപയോഗത്തെക്കുറിച്ച് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്

UAE

ഈദുൽ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായുള്ള കരിമരുന്ന് ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. അപകടങ്ങൾ ഒഴിവാക്കുന്നതിന് ഇത്തരം വസ്തുക്കൾ കുട്ടികൾ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പാക്കാൻ രക്ഷിതാക്കളുടെ നിരീക്ഷണം ആവശ്യമാണെന്ന് അറിയിച്ച അധികൃതർ, കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ശ്രദ്ധ പുലർത്താനും, അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള ജാഗ്രത പാലിക്കാനും രക്ഷിതാക്കളോട് നിർദ്ദേശിച്ചു. കരിമരുന്നു ഉപയോഗിക്കുന്ന ആഘോഷങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നില്ല എന്ന് രക്ഷിതാക്കൾ ഉറപ്പാക്കേണ്ടതാണ്.

കരിമരുന്നു പോലുള്ള വസ്തുക്കൾ ഉപയോഗിക്കുമ്പോൾ, അവ കുട്ടികൾക്ക് മാത്രമല്ല, ചുറ്റുമുള്ളവർക്കെല്ലാം അപകടസാധ്യതകൾ ഉയർത്തുന്നുണ്ടെന്നും, തീ പൊള്ളൽ മൂലം ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന പരുക്കുകളിലേക്കും, അഗ്നിബാധ പോലുള്ള അപകടങ്ങളിലേക്കും ഇവ നയിക്കാമെന്നും അബുദാബി പോലീസ് ഓർമ്മപ്പെടുത്തി.

ഇത്തരം വസ്തുക്കൾ ഒഴിവാക്കാൻ കുട്ടികളെ ശീലിപ്പിക്കാനും, അപകടകരമായ കരിമരുന്ന് ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർക്ക് കൈമാറാനും പോലീസ് രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.