ഉപയോഗിച്ച മാസ്കുകൾ, കയ്യുറകൾ എന്നിവ പൊതു ഇടങ്ങളിലും, റോഡുകളിലും അലക്ഷ്യമായി ഉപേക്ഷിച്ച് പോകുന്നവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. കൊറോണ വൈറസ് പശ്ചാത്തലത്തിൽ, ഉപയോഗിച്ച മാസ്കുകളും മറ്റു സ്വകാര്യ ആരോഗ്യ സുരക്ഷാ ഉപകരണങ്ങളും പൊതു ഇടങ്ങളിൽ നിക്ഷേപിക്കുന്നത് രോഗവ്യാപനത്തിനും, പ്രകൃതി മലിനീകരണത്തിനും ഇടയാക്കുമെന്നും, സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഇത് ഭീഷണിയാണെന്നും അധികൃതർ വ്യക്തമാക്കി.
ഇത്തരത്തിൽ പൊതുഇടങ്ങളിൽ വാഹനങ്ങളിൽ നിന്നും മറ്റും മാലിന്യവസ്തുക്കൾ നിക്ഷേപിക്കുന്നത് തടയുന്നതിനുള്ള നിയമപ്രകാരം, ഉപയോഗിച്ച മാസ്കുകൾ, കയ്യുറകൾ മുതലായവ അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെ 1000 ദിർഹം പിഴയും, 6 ബ്ലാക്ക് പോയിന്റുകളും ചുമത്തുന്നതാണെന്നും അബുദാബി പോലീസ് കൂട്ടിച്ചേർത്തു. നേരത്തെ അജ്മാൻ പോലീസ് ഡിപ്പാർട്ട്മെന്റും സമാനമായ ഒരു മുന്നറിയിപ്പ് നൽകിയിരുന്നു.