അബുദാബി: വാഹനങ്ങളിൽ പഴകിയതും, തേയ്മാനം വന്നതുമായ ടയറുകൾ ഉപയോഗിക്കുന്നവർക്ക് 500 ദിർഹം പിഴ

UAE

അപകടങ്ങൾക്കിടയാകാവുന്ന തരത്തിൽ പഴകിയതും, തേയ്മാനം സംഭവിച്ചതുമായ ടയറുകൾ വാഹനങ്ങളിൽ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്. എമിറേറ്റിൽ ഇത്തരത്തിൽ കേടുപാടുകളുള്ള ടയറുകൾ ഉപയോഗിച്ച് വാഹനങ്ങൾ ഓടിക്കുന്നവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്നും, വാഹനങ്ങൾ 7 ദിവസം പിടിച്ച് വെക്കുമെന്നും അധികൃതർ അറിയിച്ചു.

ഇത് കൂടാതെ, ഇത്തരം നിയമലംഘനങ്ങൾക്ക് പിടിക്കപെടുന്നവർക്ക് 4 ബ്ലാക്ക് പോയിന്റ് ചുമത്തുന്നതാണ്. ജൂൺ 16-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകിയത്.

തേയ്മാനം വന്നതും, കേടുപാടുകൾ ഉള്ളതുമായ ടയറുകൾ വേനൽ ചൂടിൽ അപകടങ്ങൾക്ക് വളരെയധികം കരണാമാകാറുണ്ടെന്ന് അബുദാബി പോലീസ് ചൂണ്ടിക്കാട്ടി. യു എ ഇയിലെ വേനലിൽ, അന്തരീക്ഷ താപനില 45 ഡിഗ്രിയിൽ കൂടുതൽ ആകുമ്പോൾ ഇത്തരം ടയറുകളുടെ ഉപയോഗം സ്വാഭാവികമായും അപകടങ്ങൾ വിളിച്ച് വരുത്തുന്നതാണ്.

സ്വന്തം സുരക്ഷയ്ക്കും, റോഡിലെ മറ്റു വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും ഭീഷണിയാകുന്ന ഈ പ്രവർത്തി ഒഴിവാക്കാൻ ജനങ്ങളോട് അധികൃതർ ആഹ്വാനം ചെയ്തു. വാഹനങ്ങളിൽ ഉപയോഗിക്കുന്ന ടയറുകൾ കാലാവധി കഴിഞ്ഞതും, തേയ്മാനം ഉള്ളതും അല്ലെന്ന് ഉറപ്പിക്കാനും, കൃത്യമായ അളവിൽ കാറ്റ് നിറച്ചിട്ടുണ്ടെന്ന് നിരന്തരം പരിശോധിച്ചുറപ്പിക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപയോഗിക്കുന്ന ടയറിന്റെ, പരമാവധി താങ്ങാവുന്ന ഭാരശേഷിയിൽ കൂടുതൽ വാഹനങ്ങളിൽ അമിതഭാരം കയറ്റുന്നതും അപകടങ്ങൾക്കിടയാക്കുമെന്ന് അധികൃതർ ഓർമിപ്പിച്ചു.