റോഡ് സുരക്ഷാ പ്രചാരണ പരിപാടിയുടെ ഭാഗമായി, അശ്രദ്ധമായി വാഹനങ്ങൾ ഓടിക്കുന്നതിന്റെ അപകടങ്ങളെ കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ഡ്രൈവിങ്ങിനിടയിൽ ഏകാഗ്രതയിലെ പിഴവുകൾ, മറ്റു കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകൾ, അശ്രദ്ധ എന്നിവ റോഡിലെ മറ്റു യാത്രികർക്ക് കൂടി അപകടത്തിനിടയാക്കുന്നതാണെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.
ഇത്തരം ഡ്രൈവിംഗ് ശീലങ്ങൾ ഗുരുതരമായ റോഡപകടങ്ങളിലേക്ക് നയിക്കാമെന്നതിനാൽ, വാഹനങ്ങൾ കൈകാര്യം ചെയ്യുന്ന വേളയിൽ ഡ്രൈവർമാർ റോഡിലേക്ക് പൂർണ്ണ ശ്രദ്ധ പതിപ്പിക്കാനും, അപകടങ്ങൾ ഒഴിവാക്കുന്നതിനായി റോഡ് അടയാളങ്ങൾ, നിർദ്ദേശങ്ങൾ, കാൽനടയാത്രികർ മുതലായവ ശ്രദ്ധിക്കാനും അബുദാബി പോലീസ് ആഹ്വാനം ചെയ്തു. ഡ്രൈവിങ്ങിലേക്ക് ശ്രദ്ധകേന്ദ്രീകരികാതിരിക്കുന്നത് അത്യന്തം അപകടകരമാണെന്ന് അധികൃതർ വ്യക്തമാക്കി.
ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഫോൺ, ഇന്റർനെറ്റ്, സമൂഹ മാധ്യമങ്ങൾ മുതലായവയുടെ ഉപയോഗം ഒഴിവാക്കാനും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. മറ്റു വാഹനങ്ങളെ തടസപ്പെടുത്താതെയും, റെഡ് സിഗ്നലിൽ വീഴ്ച്ചകൾ വരുത്താതെയുമുള്ള ഡ്രൈവിംഗ് ശീലമാക്കാൻ ഡ്രൈവർമാരോട് അബുദാബി പോലീസ് നിർദ്ദേശിച്ചു.