മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരുടെ COVID-19 പരിശോധനകൾക്കായി ആരംഭിച്ചിട്ടുള്ള പ്രത്യേക റാപിഡ് സ്ക്രീനിംഗ് കേന്ദ്രത്തിൽ മുൻകൂർ അനുവാദം നേടുന്നവർക്ക് മാത്രമാക്കി സേവനങ്ങൾ ചുരുക്കി. അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റിയും, ആരോഗ്യ വകുപ്പും ചേർന്ന് സംയുക്തമായി ആരംഭിച്ചിട്ടുള്ള ഈ ലേസർ-ടെസ്റ്റിംഗ് കേന്ദ്രത്തിൽ അനുഭവപ്പെടുന്ന വലിയ തിരക്ക് കണക്കിലെടുത്താണ് മുൻകൂർ അനുവാദത്തിനുള്ള സംവിധാനം ഏർപ്പെടുത്തിയത്.
ദുബായ് – അബുദാബി പാതയിലെ ഖന്തൂത്ത് ബോർഡർ ചെക്ക്പോയിന്റിന് തൊട്ടു മുൻപായി, അവസാന എക്സിറ്റിനോട് ചേർന്ന് ഒരുക്കിയിട്ടുള്ള ഈ താത്കാലിക പരിശോധനാ കേന്ദ്രത്തിൽ ഇന്നലെ ക്രമാതീതമായ തിരക്ക് അനുഭവപ്പെട്ടതിനെത്തുടർന്ന്, സേവനങ്ങൾ ഏതാനം മണിക്കൂറുകൾ തടസപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ്, അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം തിരക്കുകൾ ഒഴിവാക്കുന്നതിനായി മുൻകൂർ ബുക്കിംഗ് ഏർപ്പെടുത്തിയത്.
https://ghantoot.quantlase.com/appointment/update-details/ എന്ന വിലാസത്തിലൂടെ ഈ കേന്ദ്രത്തിൽ നിന്ന് റാപിഡ് ടെസ്റ്റിംഗിനായി മുൻകൂർ അനുമതി നേടാവുന്നതാണ്. ഈ പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക്, അബുദാബിയിലേക്ക് യാത്ര തുടരാവുന്നതാണ്.
ലേസർ അധിഷ്ഠിത ഡി പി ഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഈ റാപിഡ് ടെസ്റ്റിംഗ് സംവിധാനത്തിലൂടെ കേവലം 5 മിനിറ്റിൽ പരിശോധനാ ഫലം ലഭിക്കുന്നതാണ്. അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനായി, COVID-19 നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് കൈവശം ഇല്ലാത്തവർക്ക്, ഈ സംവിധാനത്തിലൂടെ സ്വയം ടെസ്റ്റിംഗിന് വിധേയനാകാവുന്നതാണ്.
പരിശോധനയിൽ പോസിറ്റീവ് റിസൾട്ട് ആകുന്നവർക്ക്, ഈ കേന്ദ്രത്തിൽ വെച്ച് തന്നെ PCR പരിശോധന നടത്തുന്നതാണ്. എന്നാൽ ഇവർക്ക് അബുദാബിയിലേക്ക് ഉടൻ തന്നെ പ്രവേശിക്കാനാകുന്നതല്ല. PCR ടെസ്റ്റ് നടത്തിയ ശേഷം ഇവർ തങ്ങളുടെ താമസസ്ഥലങ്ങളിലേക്ക് മടങ്ങേണ്ടതും, പരിശോധനാ ഫലം ലഭിക്കുന്നതുവരെ സ്വയം ഐസൊലേഷനിൽ കഴിയേണ്ടതുമാണ്. ഇവർക്ക് PCR പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിക്കുകയാണെങ്കിൽ 48 മണിക്കൂറിനുള്ളിൽ അബുദാബിയിലേക്ക് പ്രവേശിക്കാവുന്നതാണ്.