അബുദാബി: PCR ടെസ്റ്റിംഗ് നിരക്ക് 250 ദിർഹം ആക്കി കുറച്ചു

UAE

PCR ടെസ്റ്റിംഗ് നടത്തുന്നതിനുള്ള നിരക്ക് 250 ദിർഹം ആക്കി കുറച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു. SEHA-യുടെ കീഴിലുള്ള ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ ഈ നിരക്ക് ബാധകമാണ്. ഈ തീരുമാനത്തിന് മുൻപ് PCR ടെസ്റ്റിംഗിനായി 370 ദിർഹമാണ് ഈടാക്കിയിരുന്നത്.

സെപ്റ്റംബർ 10, വ്യാഴാഴ്ച്ചയാണ് SEHA ഈ തീരുമാനം അറിയിച്ചത്. പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നതായും SEHA അറിയിപ്പിൽ പറയുന്നു.

COVID-19 രോഗബാധ കണ്ടെത്തുന്നതിനായി സാധാരണയായി PCR ടെസ്റ്റാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. മൂക്കിൽ നിന്നുള്ള സ്രവം എടുത്ത ശേഷം, അതിൽ COVID-19 രോഗബാധയ്ക്ക് കാരണമാകുന്ന SARS-CoV-2 വൈറസിന്റെ ജനിതക ഘടകങ്ങളുടെയും, RNA-യുടെയും സാന്നിദ്ധ്യം കണ്ടെത്തുന്ന രീതിയാണ് ഈ പരിശോധനയിൽ അവലംബിക്കുന്നത്.