അബുദാബി: PCR പരിശോധനാ നിരക്ക് കുറച്ചതായി SEHA; പുതുക്കിയ നിരക്ക് 85 ദിർഹം

GCC News

COVID-19 PCR ടെസ്റ്റുകളുടെ നിരക്ക് 85 ദിർഹം ആക്കി കുറച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു. ഈ തീരുമാന പ്രകാരമുള്ള നിരക്ക് പ്രാബല്യത്തിൽ വന്നതായും ഡിസംബർ 5-ന് പുറത്തിറക്കിയ അറിയിപ്പിൽ SEHA വ്യക്തമാക്കുന്നു.

SEHA-യുടെ കീഴിലുള്ള ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ, ആശുപത്രികൾ, ക്ലിനിക്കുകൾ തുടങ്ങി എല്ലാ പരിശോധനാ കേന്ദ്രങ്ങളിലും ഈ പുതുക്കിയ നിരക്ക് ബാധകമാണ്. ഈ തീരുമാനത്തിന് മുൻപ് PCR ടെസ്റ്റിംഗിനായി 250 ദിർഹമാണ് ഈടാക്കിയിരുന്നത്.

“SEHA-യുടെ കീഴിലുള്ള എല്ലാ പരിശോധനാ കേന്ദ്രങ്ങളിലും COVID-19 PCR ടെസ്റ്റുകളുടെ നിരക്ക് 85 ദിർഹമാക്കി കുറച്ചിരിക്കുന്നു. ഈ നിരക്ക് ഈ അറിയിപ്പിനൊപ്പം തന്നെ പ്രാബല്യത്തിൽ വരുന്നതാണ്.”, അബുദാബി ഹെൽത്ത് സർവീസസ് കമ്പനി ശനിയാഴ്ച്ച പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. നേരത്തെ സെപ്റ്റംബർ 10-ന് SEHA PCR ടെസ്റ്റിംഗ് നടത്തുന്നതിനുള്ള നിരക്ക് 370-ൽ നിന്ന് 250 ദിർഹം ആക്കി കുറച്ചിരുന്നു.

COVID-19 രോഗബാധ കണ്ടെത്തുന്നതിനായി സാധാരണയായി PCR ടെസ്റ്റാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. മൂക്കിൽ നിന്നുള്ള സ്രവം എടുത്ത ശേഷം, അതിൽ COVID-19 രോഗബാധയ്ക്ക് കാരണമാകുന്ന SARS-CoV-2 വൈറസിന്റെ ജനിതക ഘടകങ്ങളുടെയും, RNA-യുടെയും സാന്നിദ്ധ്യം കണ്ടെത്തുന്ന രീതിയാണ് ഈ പരിശോധനയിൽ അവലംബിക്കുന്നത്.

അബുദാബിയിലേക്ക് പ്രവേശിക്കുന്ന മുഴുവൻ പേർക്കും നിലവിൽ COVID-19 നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. ഇത്തരത്തിൽ എമിറേറ്റിലേക്ക് പ്രവേശിച്ച ശേഷം അബുദാബിയിൽ തുടരുന്നവർക്ക് നാല്, എട്ട് ദിനങ്ങളിൽ വീണ്ടും PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഈ സാഹചര്യത്തിൽ PCR ടെസ്റ്റുകളുടെ നിരക്ക് കുറയ്ക്കുന്നതിനുള്ള ഈ തീരുമാനം പൊതുജനങ്ങൾക്ക് ഏറെ സഹായകമാണ്.