ജൂലൈ 24, വെള്ളിയാഴ്ച്ച മുതൽ, എമിറേറ്റിലെ കൂടുതൽ പാർക്കുകൾ പൊതു ജനങ്ങൾക്കായി തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് (DMT) അറിയിച്ചു. കൊറോണ വൈറസ് പ്രതിരോധ മുൻകരുതലുകളോടെ, കർശനമായ ആരോഗ്യ സുരക്ഷാ നിബന്ധനകൾ പാലിച്ചായിരിക്കും ഇവ തുറന്നു കൊടുക്കുക എന്ന് DMT ജൂലൈ 24-നു വ്യക്തമാക്കി. നേരത്തെ ജൂലൈ 3-നും, ജൂലൈ 16-നും അബുദാബിയിലെ ഏതാനം പാർക്കുകളും ബീച്ചുകളും പൊതു ജനങ്ങൾക്കായി DMT തുറന്നു കൊടുത്തിരുന്നു.
അബുദാബി സിറ്റി, അൽ ഐൻ, അൽ ദഫ്‌റ എന്നിവിടങ്ങളിലെ പാർക്കുകളാണ് തുറന്നു കൊടുക്കുന്നത്. തുറക്കുന്ന പാർക്കുകളിൽ പരമാവധി ശേഷിയുടെ 40% പേർക്ക് മാത്രമാണ് ഒരേസമയം പ്രവേശനം നൽകുന്നത്.
പാർക്കുകളിൽ പ്രവേശിക്കുന്നതിന് മുൻപ് തെർമൽ സംവിധാനങ്ങളിലൂടെ സന്ദർശകരുടെ ശരീരോഷ്മാവ് പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. സന്ദർശകർ നിർബന്ധമായും മാസ്കുകൾ ധരിക്കേണ്ടതും, 2 മീറ്റർ എങ്കിലും സമൂഹ അകലം ഉറപ്പാക്കേണ്ടതുമാണ്. ഇത്തരം ഇടങ്ങളിൽ 4 പേരിൽ കൂടുതൽ ഒത്തുചേരുന്നതിനു അനുവാദം ഉണ്ടായിരിക്കുകയില്ല.
പുതിയതായി തുറന്ന് കൊടുക്കുന്ന പാർക്കുകൾ:
- ബനിയാസ് ലേഡീസ് പാർക്ക്, അബുദാബി
- ഷഹാമ പാർക്ക് 2, അബുദാബി
- ഷഹാമ പാർക്ക് 3, അബുദാബി
- ബഹിയ പാർക്ക്, അബുദാബി
- റഹ്‌ബ പാർക്ക്, അബുദാബി
- ന്യൂ എയർപോർട്ട് ഗാർഡൻ, അബുദാബി
- നഹീൽ പാർക്ക്, അൽ ഐൻ
- സില പാർക്ക്, അൽ ദഫ്‌റ
- ഡെൽമ പാർക്ക്, അൽ ദഫ്‌റ
അബുദാബിയിലെ ഉമ്മുൽ എമറാത്ത് പാർക്ക്, ഖലീഫ പാർക്ക്, അൽ ഐനിലെ അൽ സുലൈമി പാർക്ക്, അൽ ദഫ്‌റയിലെ മദീനത്ത് സായിദ്, അബുദാബിയിലെ ഹുദൈരിയത് ബീച്ച്, കോർണിഷ് ബീച്ച്, അൽ ദഫ്‌റയിലെ അൽ മിർഫ ബീച്ച് എന്നിവ ജൂലൈ 3 മുതൽ തുറന്നു കൊടുത്തിരുന്നു. ജൂലൈ 16 മുതൽ അബുദാബിയിലെ ഡെൽമ പാർക്ക്, ഷരീയ പാർക്ക്, ഘാതം പാർക്ക്, വത്ബ പാർക്ക്, റബ്ദാൻ പാർക്ക്, ഷഹാമ പാർക്ക് 1, ഗ്രീൻ മുബാസറ, അൽ ബതീൻ ബീച്ച്, അൽ ഐനിലെ അൽ മിർഫ പാർക്ക്, അൽ ദഫ്‌റയിലെ സയ്ദ് അൽ ഖൈർ പാർക്ക് എന്നിവ തുറന്നു പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.